
ഓരോ രാജ്യത്തെയും ജനവിഭാഗങ്ങള്‍ അവരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ജീവിത രീതികള്‍ പിന്തുടരുന്നത് സാധാരണമാണ്. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് അവയില്‍ പലതും വിചിത്രമായി തോന്നാമെങ്കിലും ഓരോ ജനവിഭാഗങ്ങള്‍ക്കും അവരുടെ ജീവിതരീതികളും ആചാരങ്ങളും ഏറെ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. ചൈനയിലെ ജനവിഭാഗങ്ങള്‍ക്കിടയിലും നമുക്ക് വിചിത്രമായി തോന്നാവുന്ന ചില ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.
സ്ലീപ്പ് തെറാപ്പി
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ സിഷുവാങ്ബന്ന ദായ് സ്വയംഭരണ പ്രിഫെക്ചറിലെ ദായി വിഭാഗമാണ് ഈ തെറാപ്പി നടത്തുന്നത്.
രോഗിയുടെ ശാരീരിക അവസ്ഥയെ അടിസ്ഥാനമാക്കി ഡോക്ടര്‍മാര്‍ ആദ്യം ഡായ് ഹെര്‍ബല്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നു, തുടര്‍ന്ന് രോഗിയെ മരുന്നുകള്‍ ചേര്‍ത്ത് ചൂടാക്കുന്ന എണ്ണയില്‍ മുക്കിയെടുത്ത ചൂട് തുണി ദേഹത്ത് ചുറ്റി ഉറങ്ങാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. മറ്റ് ഡായ് മെഡിക്കല്‍ തെറാപ്പികളില്‍ നിന്ന് വ്യത്യസ്തമായി, സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചേരുവകള്‍ ആണ് ഉപയോഗിക്കുന്നത്, ഇത് രക്തചംക്രമണം വര്‍ധിപ്പിക്കുന്നതിനും വാതരോഗത്തിനുമുള്ള പ്രതിവിധിയായുമാണ് കണക്കാക്കുന്നത്.
ഐസ് ബെല്ലി
വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ യോങ്ജിയിലെ ഒരു പരമ്പരാഗത നാടോടി ആചാരമാണ് ഇത്. അതിശൈത്യകാലത്ത് പുരുഷന്മാര്‍ അര്‍ദ്ധനഗ്‌നരായി ശരീരത്തിന് പുറത്ത് വലിയ ഐസ് കട്ട കെട്ടിവെച്ചുകൊണ്ട് പാട്ടും നൃത്തവുമായി നടത്തുന്ന ഒരു ഘോഷയാത്രയാണ് ഇത്.
ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന ആചാരം, വര്‍ഷം തോറും പുതുവര്‍ഷത്തിനുശേഷം ആദ്യത്തെ ചാന്ദ്ര മാസത്തിന്റെ 15 -ാം ദിവസം നടക്കുന്നു, ദുരന്തം തടയുന്നതിനും, അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനുമുള്ള ഒരു ആചാരമായാണ് ഇത് നടത്തുന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ ഒരു വര്‍ഷക്കാലം മുഴുവന്‍ രോഗങ്ങളില്‍ നിന്നും വിമുക്തരായിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
കരച്ചില്‍ കല്യാണം
ബിസി 476-221 കാലഘട്ടം മുതല്‍ നടത്തിവരുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന ഈ പരമ്പരാഗത വിവാഹ ആചാരം തുജിയ, യി, ഷുവാങ് തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കിടയിലാണ് പ്രധാനമായും നടത്തുന്നത്.
വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് ഈ ചടങ്ങ് ആരംഭിക്കുന്നത്. വധുവിനെ കാണാന്‍ വരുന്ന ബന്ധുക്കള്‍ക്കും മുന്നില്‍ വധു കരയുകയും പാട്ടുപാടുകയും ചെയ്യുന്നതാണ് ഈ ചടങ്ങ്. വിവാഹ ദിവസം വരെ തുടരുന്ന ഈ ചടങ്ങില്‍ വധു തന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും കരഞ്ഞുകൊണ്ട് നന്ദി പറയുകയാണ് ചെയ്യുന്നത്. അവരെ പുകഴ്ത്തിക്കൊണ്ടുള്ള കൊണ്ടുള്ള പാട്ടുകളും വധു പാടും.
Discover more from MALAYALAM
Subscribe to get the latest posts sent to your email.