മലപ്പുറം: ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീയുടെ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസ്മയുടെ മരണത്തിൽ നേരത്തെ ഭര്‍ത്താവ് സിറാജുദ്ദീനെയും പ്രസവത്തിനായി സഹായിച്ച ഒതുക്കങ്ങൽ സ്വദേശി ഫാത്തിമയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്നാണിപ്പോള്‍ ഫാത്തിമ്മയുടെ മകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ പ്രസവത്തിനായി ഫാത്തിമയ്ക്കൊപ്പം ഇവരുടെ മകനും സഹായിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഭാര്യ അസ്മയെ വീട്ടില്‍ വെച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് ഭര്‍ത്താവ് സിറാജ്ജുദ്ദീനെതിരായ കുറ്റം.

പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും  സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്. ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീൻ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

യുവതിയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കിയെന്നാണ് ആക്ഷേപം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply