വിവാഹിതരൊക്കെ തന്നെ പക്ഷേ, നന്നായി ഒന്നുറങ്ങണമെങ്കില്‍ പങ്കാളി ഒപ്പം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍… ഇന്ത്യന്‍ ദമ്പതിമാരില്‍ 70 ശതമാനവും നന്നായി വിശ്രമിക്കാന്‍ പങ്കാളികളില്ലാതെ ഒറ്റയ്ക്ക് ഉറങ്ങാന്‍ താത്പര്യപ്പെടുന്നുവെന്ന് ഉറക്കവുമായി ബന്ധപ്പെട്ട ഒരു ആഗോള പഠനം പറയുന്നത്. സ്ലീപ് ഡിവോഴ്സ് എന്ന് വിളിക്കപ്പെടുന്ന ഈ രീതിയില്‍ ഇന്ത്യ മുന്നിലാണെന്നാണ് റെസ്മെഡ്സ് 2025-ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ പറയുന്നത്. ഇന്ത്യയിലെ 78 ശതമാനം ആളുകളാണ് സ്ലീപ് ഡിവോഴ്സ് നടത്തുന്നതെന്ന് സര്‍വേ പറയുന്നു. തൊട്ടുപിന്നില്‍ 67 ശതമാനമുള്ള ചൈനയും 65 ശതമാനമുള്ള ദക്ഷിണ കൊറിയയുമാണ്.
ആഗോള തലത്തില്‍ 30000 ത്തോളം ആളുകളിലാണ് സര്‍വേ നടത്തിയത്. യുകെയിലും യുഎസിലും പങ്കാളികളില്‍ പകുതിപേര്‍ ഒരുമിച്ച് കിടന്നുറങ്ങുന്നവരാണെങ്കില്‍ 50 ശതമാനം വേറിട്ട് ഉറക്കത്തിലേക്ക് പോകുന്നു.
വേറിട്ട് ഉറങ്ങുന്നത് ബന്ധങ്ങളുടെ വിള്ളലിന്റെ ഭാഗമായിട്ടല്ല ഭൂരിപക്ഷവും കാണുന്നത് മറിച്ച്, മെച്ചപ്പെട്ട ഉറക്കത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു.
പങ്കാളിയുടെ കൂര്‍ക്കം വലി അല്ലെങ്കില്‍ ശ്വാസോച്ഛ്വാസം എന്നീ കാരണംകൊണ്ട് വേറിട്ട് കിടക്കുന്നത് 32 ശതമാനം ആളുകളാണ്. 12 ശതമാനം ആളുകള്‍ മറ്റു അസ്വസ്ഥതകള്‍ കൊണ്ട് മാറി കിടക്കുന്നു. 10 ശതമാനം ആളുകള്‍ ഉറക്ക ഷെഡ്യൂള്‍ സംബന്ധിച്ച പൊരുത്തമില്ലായ്മയെത്തുടര്‍ന്നാണ് മാറികിടക്കുന്നത്. കിടപ്പറയിലെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സ്‌ക്രീന്‍ ഉപയോഗംമൂലം എട്ട് ശതമാനം ആളുകള്‍ മാറി കിടക്കുന്നുണ്ടെന്നും സര്‍വേയില്‍ പറയുന്നു.
അതേസമയം പങ്കാളികള്‍ ഒരുമിച്ച് ഉറങ്ങുമ്പോള്‍ അതിന്റേതായ ഗുണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പങ്കാളികളുമായി കിടക്ക പങ്കിടുന്നത് ലവ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്‍ ഉത്പാദനത്തിന് കാരണമാകും. ഇത് വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവയുടെ അളവ് താഴ്ത്തുമെന്നും കൂടാതെ ജീവിതത്തിലും ബന്ധത്തിലും സംതൃപ്തി വര്‍ദ്ധിപ്പിക്കുമെന്നും വിവിധ പഠനങ്ങളെ ഉദ്ധരിച്ച് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply