ഉറക്കവും രോ​ഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഉറക്കക്കുറവ് അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർ​ദം, പക്ഷാഘാതം തുടങ്ങി നിരവധി അസുഖങ്ങൾക്ക് കാരണമാകുന്നുവെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴിതാ ഉറക്കവും ഹൃദ്രോ​ഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള പഠനമാണ് ശ്രദ്ധ നേടുന്നത്. വെറും മൂന്നു ദിവസത്തെ ഉറക്കക്കുറവ് പോലും ഹൃദ്രോ​ഗസാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

സ്വീഡനിലെ ഉപ്സല സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഭക്ഷണരീതി, വ്യായാമം, സമ്മർദം തുടങ്ങിയവയ്ക്കൊപ്പം ഉറക്കത്തിനും ഹൃദ്രോ​ഗവുമായി വലിയ ബന്ധമുണ്ടെന്നും മൂന്നുദിവസത്തെ ഉറക്കക്കുറവ് പോലും യുവാക്കളിലും ആരോ​ഗ്യകരമായ ശരീരമുള്ളവരിലും ഹൃദ്രോ​ഗസാധ്യത കൂട്ടുമെന്നുമാണ് ​ഗവേഷകർ പറയുന്നത്.

ഇതുവരെ ഹൃദ്രോ​ഗവും ഉറക്കവും സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തിയതിലേറെയും ഹൃദ്രോ​ഗസാധ്യതയുള്ള പ്രായമായവരെ മുൻനിർത്തിയാണ്. എന്നാൽ യുവാക്കളിലും ആരോ​ഗ്യമുള്ളവരിലും ഉറക്കക്കുറവ് ഹൃദ്രോ​ഗസാധ്യത കൂട്ടുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജൊനാഥൻ സെഡെർനസ് പറഞ്ഞു. പഠനത്തിൽ പങ്കാളികളായവരുടെ ഉറക്കം, ഭക്ഷണരീതി, വ്യായാമം തുടങ്ങിയവയെ ആധാരമാക്കിയാണ് വിലയിരുത്തലിലെത്തിയത്. ഒരു സെഷനിൽ ആരോ​ഗ്യകരമായ ഉറക്കം ലഭിക്കുന്ന രീതിയിലും മറ്റൊരു സെഷനിൽ ഉറക്കക്കുറവ് നേരിടുന്ന രീതിയിലുമാണ് ക്രമീകരിച്ചത്. തുടർന്നാണ് ഉറക്കക്കുറവ് നേരിട്ടവരിൽ വൈജ്ഞാനിക അപചയം, പ്രതിരോധശേഷി തകിടം മറിയുക, മാനസികാവസ്ഥ തകരാറിലാവുക, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയവ കണ്ടെത്തിയത്.

രണ്ട് സെഷനുകൾക്ക് ശേഷവും രാവിലെയും വൈകുന്നേരവും രക്തസാമ്പിളുകൾ പരിശോധിച്ചാണ് വിലയിരുത്തലിലെത്തിയത്. ഉറക്കക്കുറവ് നേരിട്ട രാത്രികൾക്കു ശേഷം ശരീരത്തിൽ വീക്കമുണ്ടാവുന്നതായി കണ്ടെത്തി. ഇത് കൂടുംതോറും രക്തധമനികൾക്ക് ക്ഷതം സംഭവിക്കുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുന്നതായും ​ഗവേഷകർ കണ്ടെത്തി. ചെറുപ്രായത്തിൽതന്നെ ആരോ​ഗ്യകരമായ ഉറക്കം ഉറപ്പാക്കുന്നതിലൂടെ ഹൃദ്രോ​ഗങ്ങളെ പ്രതിരോധിക്കാനാവുമെന്നും ​ഗവേഷകർ കണ്ടെത്തി.

അതേസമയം ഉറക്കക്കുറവ് മൂലമുണ്ടാകുന്ന പല പ്രതികൂലസാഹചര്യങ്ങളേയും ഒരുപരിധിവരെ വ്യായാമത്തിലൂടെ മറികടക്കാനാവുമെന്നും ​ഗവേഷകർ പറയുന്നുണ്ട്. എന്നാൽ ഉറക്കത്തെ പാടേ അവ​ഗണിച്ച് വ്യായാമത്തിലൂടെ പരിഹാരം കണ്ടെത്താമെന്ന ധാരണ ഉണ്ടാകരുതെന്നും ​ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

ആരോ​ഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്

  • പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്‌പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
  • ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.
  • ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
  • ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
  • രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
  • ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും, പൊരിച്ചതും, മസാല ചേർത്ത് അളവിൽ കൂടുതലും, ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
  • തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
  • ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.

Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply