പുണെ: വിദ്യാര്‍ഥികളെ മറയാക്കി വിദേശ കറന്‍സി കടത്താന്‍ ശ്രമം. ദുബായില്‍ നിന്ന് വന്ന മൂന്ന് വിദ്യാര്‍ഥികളില്‍ നിന്ന് പുണെ കസ്റ്റംസ് വകുപ്പ് 400,100 ഡോളര്‍ (3.5 കോടി രൂപ) കണ്ടെത്തി. പുസ്തകങ്ങളുടെ പേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് വിദേശ കറന്‍സികള്‍ കണ്ടെത്തിയത്. ബാഗില്‍ വിദേശ കറന്‍സി ഒളിപ്പിച്ചത് വിദ്യാര്‍ഥികള്‍ക്കറിയില്ലായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്റായ ഖുശ്ബു അഗര്‍വാളാണ് ട്രോളി ബാഗുകള്‍ ഏല്‍പ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. അഗര്‍വാളിന്റെ സഹായത്തോടെ വിദ്യാര്‍ഥികള്‍ ഒരു യാത്രാ പാക്കേജ് ബുക്ക് ചെയ്തിരുന്നു. പുണെയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പായി ദുബായ് ഓഫീസില്‍ അടിയന്തിരമായി ഹാജരാക്കേണ്ട ഓഫീസ് രേഖകളാണെന്ന് വിശ്വസിപ്പിച്ച് രണ്ട് ബാഗുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി.
രണ്ട് ട്രോളി ബാഗുകളിലായി മൂന്ന് യാത്രക്കാരെ ഉപയോഗിച്ച് ഒരാള്‍ വിദേശ കറന്‍സി കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പണം കണ്ടെത്തിയത്. കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് ദുബായിലെ അധികൃതരുമായി ബന്ധപ്പെടുകയും വിദ്യാര്‍ഥികളെ നിരീക്ഷിക്കുകയും ചെയ്തു. ഫെബ്രുവരി 17 ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ ഇവര്‍ പൂണെയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് 400,100 ഡോളര്‍ കണ്ടെടുത്തത്.
വിദ്യാര്‍ഥികളുടെ മൊഴിയെടുത്തതിന് ശേഷം ഉടന്‍ തന്നെ ഖുശ്ബു അഗര്‍വാളിനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് നിയമപ്രകാരം മൊഴി രേഖപ്പെടുത്തി. കൂടുതല്‍ അന്വേഷണത്തില്‍ മുംബൈയിലെ ഫോര്‍ട്ട് ഏരിയയിലുള്ള ഫോറെക്‌സ് സ്ഥാപനത്തില്‍ നിന്ന് 45 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കണ്ടെടുത്തു. കറന്‍സി വിതരണം ചെയ്ത മുഹമ്മദ് ആമിര്‍ എന്നയാളെയും ഉദ്യോഗസ്ഥര്‍ പിടികൂടി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply