
തൃശ്ശൂർ: വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്ക് നേരെയുണ്ടായ ആക്രമണമാണിതെന്നും സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
രാത്രിയിൽ തന്റെ വാഹനം പുറത്തേക്ക് പോയിരുന്നെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. വെള്ള കാർ പോർച്ചിൽ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികൾക്ക് ലഭിച്ച നിർദ്ദേശം. അതുകൊണ്ടാവാം തൻ്റെ വീടിന് എതിർവശത്തുള്ള വീടിന് നേരെ ആക്രമണം നടന്നത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല. കശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയതായിരുന്നു താൻ. അതിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഈ സംഭവം ഉണ്ടായതെന്നും അവർ പറഞ്ഞു.
ഇന്നലെ രാത്രിയാണ് ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിൽ പൊട്ടിത്തെറിയുണ്ടായത്. തൃശൂർ അയ്യന്തോളിലെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ശോഭാ സുരേന്ദ്രന്റെ വീടിന് എതിർവശത്തുള്ള വീടിനു മുന്നിലെ സ്ലാബിലാണ് സ്ഫോകടവസ്തു പൊട്ടിത്തെറിച്ചതെന്ന് പിന്നീട് മനസിലായി. എന്നാൽ ഇത് പടക്കമോ മറ്റോ ആയിരിക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പടക്കത്തിൽ ഉപയോഗിക്കുന്ന തരം തിരി ഇവിടെ കണ്ടെത്തിയിരുന്നു. വീടു മാറി എറിഞ്ഞതാകാമെന്നും സംശയമുണ്ട്. ബൈക്കിലെത്തിയ നാല് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.