ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഒന്നാംപ്രതിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) തിരിച്ചടി. ഇഡി സമര്‍പ്പിച്ച കുറ്റപത്രം പരിശോധിച്ച റോസ് അവന്യു കോടതി വ്യക്തമായ രേഖകള്‍ നല്‍കാതെ സോണിയയ്ക്കും രാഹുലിനും നോട്ടീസ് അയയ്ക്കാന്‍ പറ്റില്ല എന്ന് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് മെയ് രണ്ടിലേക്ക് മാറ്റി.

2012 നവംബറില്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ച നാഷണല്‍ ഹെറാല്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി കഴിഞ്ഞ ആഴ്ച പ്രോസിക്യൂഷന്‍ കംപ്ലെയിന്റ് നല്‍കിയത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം ഏഴുപ്രതികളെക്കുറിച്ചാണ് കുറ്റപത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ള പ്രതികള്‍ക്ക് ഇന്ന് നോട്ടീസ് അയയ്ക്കണം എന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട വ്യക്തമായ രേഖകള്‍ ഹാജരാക്കാതെ, ബോധ്യം വരാത്ത കാര്യത്തില്‍ നോട്ടീസ് അയയ്ക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. ഹര്‍ജിയിലെ പിഴവുകള്‍ തിരുത്തുകയും കൃത്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്താല്‍ മാത്രമേ നോട്ടീസ് അയയ്ക്കാന്‍ കഴിയുള്ളൂ എന്ന നിലപാടാണ് റോസ് അവന്യു ജില്ലാ കോടതി അറിയിച്ചിരിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത് മെയ് രണ്ടിലേക്ക് മാറ്റിയത്. 2000 കോടി രൂപയുടെ സ്വത്തുക്കള്‍ 50 ലക്ഷം രൂപ നല്‍കി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും 38% വീതം ഓഹരികളുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുത്തു എന്നതാണ് നാഷണല്‍ ഹെറാള്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply