
കോഴിക്കോട്: മലപ്പുറം സ്വദേശിയായ അഞ്ചു വയസുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ വിശദീകരണം. പ്രോട്ടോക്കോൾ പ്രകാരമുള്ള മരുന്നുകൾ നൽകി. കാറ്റഗറി മൂന്നിൽ ഉൾപ്പെടുന്ന ആഴമുള്ള 13 മുറിവുകളാണ് കുട്ടിയിൽ ഉണ്ടായിരുന്നത്. തലച്ചോറിലേക്ക് വിഷബാധയേറ്റതാണ് മരണകാരണം. പ്രാഥമിക ശുശ്രൂഷ നൽകുന്നതിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മലപ്പുറം പെരുവള്ളൂർ സ്വദേശിയായ കുട്ടി മരിച്ചത്.
പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കുഞ്ഞിന് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടി മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
അതേദിവസം തന്നെ പ്രദേശത്ത് ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.