
ഖാര്‍തും (സുഡാന്‍): സുഡാനിലെ ഖാര്‍തുമില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 46 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍തുമിലെ ഒംദുര്‍മന്‍ നഗരത്തിന് സമീപമുള്ള സൈനിക വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ സൈനികര്‍ക്ക് പുറമെ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഉന്നത സൈനികോദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. മേജര്‍ ജനറല്‍ ബഹര്‍ അഹമ്മദ് അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് സുഡാനിലെ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒംദുര്‍മനിലെ വാദി സെയ്ദ്ന എയര്‍ ബേസില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2023 ഏപ്രില്‍ മുതല്‍ സൈന്യവും പാരാമിലിട്ടറിയും തമ്മില്‍ അധികാരത്തിന് വേണ്ടി പരസ്പരം പോരടിക്കുന്ന രാജ്യമാണ് സുഡാന്‍. വിമാനം തകര്‍ന്നതിന് ഇതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് സൈന്യത്തിന്റെ റഷ്യന്‍ നിര്‍മിത ഇല്യൂഷിന്‍ വിമാനം പാരാമിലിട്ടറി വിഭാഗമായ ആര്‍.എസ്.എഫ് വെടിവെച്ച് വീഴ്ത്തിയിരുന്നു. അതിലുണ്ടായിരുന്ന സൈനികരടക്കം അന്ന് കൊല്ലപ്പെടുകയും ചെയ്തു. ആര്‍.എസ്.എഫും സൈന്യവും തമ്മില്‍ പോരാട്ടം നടക്കുന്ന മേഖലകൂടിയാണ് ഖാര്‍തും.
Discover more from MALAYALAM
Subscribe to get the latest posts sent to your email.