തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിയതില്‍ പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ടുള്ള ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ടാണിത്.പോലീസ് ഒഴികെ മറ്റുവകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പൂരം അലങ്കോലപ്പെടുന്ന രീതിയില്‍ മറ്റേതെങ്കിലും വകുപ്പുകള്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം വരുന്ന പൂരങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്താനുള്ള ശുപാര്‍ശകളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പൂരം നടക്കുന്ന ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് സജീവമായി ഇടപെടണമെന്നതാണ് പ്രധാന നിര്‍ദേശം. […]