ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച സര്‍വ്വകക്ഷിപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ദേശീയ താല്‍പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ള സന്ദര്‍ഭമായതിനാലും ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നതായി ശശി തരൂര്‍ പ്രതികരിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. “അടുത്തിടെയുണ്ടായ സംഭവങ്ങളെ കുറിച്ച് നമ്മുടെ രാജ്യത്തിന്റെ ഭാഗം അഞ്ച് പ്രധാന രാഷ്ട്രങ്ങളോട് വിശദമാക്കാനുള്ള സര്‍വ്വകക്ഷിപ്രതിനിധിസംഘത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. […]