
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ത്തികാ പ്രദീപ് നടത്തിയത് ആസൂത്രിത നീക്കമെന്ന് പൊലീസ്. ഗുണ്ടാസംഘങ്ങളുടെ സഹായമടക്കം അവര്‍ക്കുണ്ടായിരുന്നെന്നും ഇപ്പോള്‍ മാള്‍ട്ടയിലുളള പാലക്കാട് സ്വദേശിക്കും പദ്ധതിയില്‍ കൃത്യമായ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. പൊലീസിന്റെ ചോദ്യംചെയ്യലിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ജോലിക്ക് അപേക്ഷിക്കുന്നവരുടെ പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും വാങ്ങിവെച്ച് തൊഴില്‍ അന്വേഷിക്കുന്നവരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയെന്നും പരാതികളുണ്ട്. കൊച്ചിയില്‍ സ്റ്റുഡിയോ നടത്തുന്ന യുവാവിനെ സ്ഥാപനത്തിലെത്തി കാര്‍ത്തികയും കൂട്ടരും മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ടേക്ക് ഓഫ് കണ്‍സള്‍ട്ടന്‍സീസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് കാര്‍ത്തിക പ്രദീപ് കോടികളുടെ തട്ടിപ്പ് നടത്തിയത്. 8-9 ലക്ഷം രൂപയ്ക്ക് വിദേശത്ത് ജോലി എന്നതായിരുന്നു പരസ്യങ്ങളിലെ വാഗ്ദാനം. ഗഡുക്കളായാണ് പണം സ്വീകരിച്ചിരുന്നത്. 1.20 ലക്ഷം രൂപ തുടക്കത്തില്‍ വാങ്ങിവെച്ച് വിസാ നടപടികള്‍ ആരംഭിക്കും. മാസങ്ങള്‍ക്കുശേഷം ഇവര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനത്തിലുള്‍പ്പെടെ അഭിമുഖം നടത്തും. എന്നാല്‍ അഭിമുഖത്തില്‍ ആരും പാസാകാറില്ല. ഇതില്‍ തട്ടിപ്പുനടക്കുന്നുണ്ടെന്ന് വ്യക്തമായ തിരുവനന്തപുരം സ്വദേശിനി പണം തിരികെ ചോദിച്ചു. 90 ദിവസത്തിനുളളില്‍ തിരികെ നല്‍കാമെന്ന് കാര്‍ത്തിക പ്രദീപ് വാഗ്ദാനം ചെയ്തു. സംഭവം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും പണം തിരികെ ലഭിച്ചില്ലെന്നും ചോദിക്കുമ്പോള്‍ ഭീഷണിയാണ് മറുപടിയെന്നും അവര്‍ പറയുന്നു.
കെയര്‍ ഗീവര്‍, സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി തുടങ്ങിയവയായിരുന്നു കാര്‍ത്തിക വാഗ്ദാനം ചെയ്തിരുന്ന ജോലികള്‍. ജോലി തിരക്കി എത്തിയ പാലക്കാട് സ്വദേശിയായ യുവാവ് കാര്‍ത്തികയ്‌ക്കൊപ്പം ചേര്‍ന്ന് തട്ടിപ്പില്‍ പങ്കാളിയായി. ഇയാളെയും കേസില്‍ പ്രതിചേര്‍ക്കാനുളള ആലോചനയിലാണ് പൊലീസ്. കാര്‍ത്തികയുടെ ഭര്‍ത്താവ് അടക്കമുളള കുടുംബാംഗങ്ങളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.