
കോഴിക്കോട്: കട്ടിപ്പാറയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയെ മരിച്ചനിലയില്‍ കണ്ടെത്തി . കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലെ അധ്യാപികയാണ് അലീന. അസ്വാഭാവിക മരണത്തിന് താമരശ്ശേരി പോലീസ് കേസെടുത്തു.
കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. അലീനയെ വൈകീട്ട് മൂന്നുമണിയോടെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് പ്രധാന അധ്യാപകന്‍ ടീച്ചറെ പലവട്ടം വിളിച്ചെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് പിതാവ് ബെന്നിയെ അറിയിക്കുകയായിരുന്നു. പുറത്തുപോയ ബെന്നി തിരിച്ചെത്തിയപ്പോള്‍ മകളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളില്‍ അഞ്ച് വര്‍ഷം അധ്യാപികയായി ജോലി ചെയ്തിരുന്നു. ഈ സമയത്ത് അവര്‍ ശമ്പളമൊന്നും നല്‍കിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ജോലിക്കായി പതിമൂന്ന് ലക്ഷം രൂപ ഇവര്‍ രൂപതയ്ക്ക് നല്‍കിയെന്നും ആറ് വര്‍ഷമായിട്ടും സ്ഥിരം നിയമനം ആയിട്ടില്ലെന്നും കുടുംബം പറയുന്നു. കോടഞ്ചേരി സ്‌കൂളിലെ അധ്യാപകരും മറ്റും സ്വരൂപിച്ച തുകയാണ് ഇവര്‍ക്ക് വേതനമായി ലഭിച്ചിരുന്നത്.
13 ലക്ഷം രൂപ നല്‍കിയാണ് ജോലിയില്‍ പ്രവേശിച്ചതെന്ന് കുടുംബം പറഞ്ഞു. എന്നാല്‍ പോസ്റ്റ് ക്രിയേഷന്‍ നടക്കുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.