
ഓഫ് ദിവസം പിരിച്ചുവിട്ട സ്ത്രീക്ക് ഏകദേശം 28 ലക്ഷം രൂപ (25,000 പൗണ്ട്) നൽകാൻ വിധിച്ച് യുകെയിലെ കോടതി. കേസ് പരിഗണിച്ച എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിന്റേതാണ് വിധി.
ഡെർമലോജിക്ക യുകെയിൽ ജോലി ചെയ്തിരുന്ന ജോവാൻ നീലിനെയാണ് അവരുടെ ഓഫ് ദിവസം ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. കേസ് പരിഗണിക്കവേ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണൽ പറഞ്ഞത്, ഒരിക്കലും ഇത്തരത്തിൽ ഒരു സ്ഥാപനം ജീവനക്കാരിയെ പിരിച്ചുവിടരുതായിരുന്നു എന്നാണ്. അവരുടെ തൊഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു എന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
ജോലിയിൽ നിന്നും ഇത്തരത്തിൽ പിരിച്ചുവിട്ടത് നീലിന്റെ മാനസികാരോഗ്യനില വഷളാക്കിയതായി സൗത്ത് ലണ്ടനിലെ ക്രോയ്‌ഡണിലുള്ള ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ അവർ മാനസികാരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. മൈക്രോസോഫ്റ്റ് ടീം മീറ്റിംഗിലൂടെയാണ് പിരിച്ചുവിടുന്നു എന്ന വിവരം പുറത്ത് വിട്ടത്. അതിനാൽ തന്നെ ഇതേക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ എച്ച് ആറിനോട് ചോദിക്കാൻ അവർക്ക് അവസരം ലഭിച്ചില്ല.
ഷോർട്ട് നോട്ടീസ് പിരിയഡും മീറ്റിംഗിനെ കുറിച്ചുള്ള അറിയിപ്പിന്റെ തലക്കെട്ടും വ്യക്തമായിരുന്നില്ല എന്നും മീറ്റിംഗ് അവരുടെ അവധി ദിനമാണ് നടന്നത് എന്നും പറയുന്നു. മാനേജർ ഇയാൻ വൈറ്റും മറ്റൊരു എക്സിക്യൂട്ടീവുമാണ് മീറ്റിംഗിൽ ഉണ്ടായത്.
പിരിച്ചുവിട്ട വിവരം അറിഞ്ഞതോടെ നീൽ ആകെ ഷോക്കിലായിപ്പോയി. 2022 നവംബറിലാണ് നീലിനെ പിരിച്ചുവിട്ടത്. 2022 ജനുവരിയിൽ തന്നെ അവർക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവാദം ചോദിച്ചെങ്കിലും കിട്ടിയിരുന്നില്ല.
പലപ്പോഴും നീൽ സഹപ്രവർത്തകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നതായും പറയുന്നു. സിക്ക് ലീവുകൾ കുറവായതിനാൽ അതെടുക്കാനും അവർക്ക് കഴിഞ്ഞിരുന്നില്ല. പരോക്ഷമായ ലിംഗ വിവേചനമാണ് നീലിന് നേരെ നടന്നത് എന്നും എംപ്ലോയ്‌മെന്റ് ട്രൈബ്യൂണൽ അഭിപ്രായപ്പെട്ടു. അതേസമയം മറ്റൊരാൾ ജോലി വിട്ടതിനെ തുടർന്ന് നീലിനെ ജോലിയിൽ നിലനിർത്തേണ്ടി വരികയും ചെയ്തു.