ശ്രീനഗര്‍: തന്റെ മകന്‍ കുറ്റക്കാരനാണെങ്കില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കുറ്റക്കാരനെന്ന് അന്വേഷണസംഘം കണ്ടെത്തിയ ഭീകരന്റെ മാതാവ്. 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് ജമ്മു കശ്മീര്‍ പോലീസ് കണ്ടെത്തിയിരിക്കുന്ന ആദില്‍ ഹുസൈന്‍ തോക്കറിന്റെ മാതാവാണ് മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചത്. പഹല്‍ഗാമില്‍ മരിച്ചുവീണത് തങ്ങളുടെ സഹോദരങ്ങളാണെന്നും തന്റെ മകന് ആക്രമണത്തില്‍ പങ്കുണ്ടെങ്കില്‍ വധശിക്ഷ തന്നെ നല്‍കണമെന്നും അവര്‍ പറഞ്ഞു. 2018 ല്‍ മകന്‍ വീടുവിട്ടു പോയതാണെന്നും അതിനുശേഷം കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആദില്‍ ഹുസൈന്റേയും ആസിഫ് ഷെയ്ഖിന്റേയും വീടുകള്‍ വ്യാഴാഴ്ച രാത്രി പ്രാദേശിക ഭരണകൂടം തകര്‍ത്തു. ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരാണ് ആദില്‍ ഹുസൈനും ആസിഫ് ഷെയ്ഖും. സ്ഫോടനത്തിലാണ് വീടുകള്‍ തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം.

ദക്ഷിണ കശ്മീരിലെ പുല്‍വാമയിലെ ത്രാലിലും അനന്ത്‌നാഗിലെ ബിജ്ബെഹരയിലുമുള്ള രണ്ട് വീടുകളാണ് തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തദ്ദേശീയരായ രണ്ട് തീവ്രവാദികളുടേതടക്കമുള്ളവരുടെ രേഖാചിത്രം കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ടിരുന്നു. അഞ്ചുപേരാണ് ഈ തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. 2018-ല്‍ വാഗ-അട്ടാരി അതിര്‍ത്തിയിലൂടെ പാകിസ്താനിലേക്ക് പോയ ആദില്‍ ഹുസൈന്‍ തോക്കര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തുംമുമ്പ് തീവ്രവാദ പരിശീലനം നേടിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്താന്‍ ഭീകരരുടെ ഗൈഡായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply