
നമ്മുടെ സ്വപ്നങ്ങളില്‍ പലതും ചിലപ്പോള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നമുക്ക് ഓര്‍മ്മ പോലും കാണില്ല. ഇനി അഥവാ ഓര്‍മ്മയുണ്ടെങ്കില്‍ തന്നെയും പരസ്പരം ഒരു ബന്ധവുമില്ലാത്ത, വളരെ അവ്യക്തമായ പലതും ആയിരിക്കും നമ്മുടെ സ്വപ്നങ്ങളില്‍ പലതിലും വന്നു പോകുന്നത്. എന്നാല്‍, അടുത്തിടെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരു യുവാവിന്റെ ജീവിതത്തില്‍ വളരെ വിചിത്രമായ ഒരു കാര്യം സംഭവിച്ചു.
നോര്‍ത്ത് കരോലിനയിലെ സ്റ്റാന്‍ലിയിലെ ഒരു യുവാവിന് 110,000 ഡോളര്‍ (ഏകദേശം 95 ലക്ഷം രൂപ) ലോട്ടറി സമ്മാനം ലഭിച്ചു. അതിനിപ്പോള്‍ എന്താ ലോട്ടറിയടിക്കുന്നവര്‍ എത്ര പേരുണ്ട് അല്ലേ? എന്നാല്‍, അതിശയം ഇതല്ല. ഈ ലോട്ടറി അടിക്കുന്നതും കിട്ടുന്ന തുകയും വളരെ വ്യക്തവും കൃത്യവുമായി താന്‍ തലേ ദിവസത്തെ സ്വപ്നത്തില്‍ കണ്ടിട്ടുണ്ട് എന്നാണ് ഇയാള്‍ പറയുന്നത്.
എന്നാല്‍, രാത്രിയില്‍ അതൊരു സ്വപ്നമല്ലേ എന്ന് കരുതിയെങ്കിലും പിറ്റേന്ന് ഒരു അപ്രതീക്ഷിത വാര്‍ത്ത തന്നെ തേടി വന്നു. അത് സ്വപ്നത്തില്‍ കണ്ട അതേ തുക താന്‍ ലോട്ടറി സമ്മാനമായി നേടി എന്നതായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. ‘ലോട്ടറിയടിക്കുമെന്ന് തലേദിവസം രാത്രിയില്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഇത് വിചിത്രമാണെന്ന് തോന്നിയേക്കാം, കാരണം ഞാന്‍ തേടിയ തുക തന്നെയാണ് കൃത്യമായി ഞാന്‍ സ്വപ്നത്തില്‍ കണ്ടത്. അത് വളരെ വ്യക്തമായിരുന്നു. ഭ്രാന്താണ് എന്ന് തോന്നുമെങ്കിലും അത് സത്യമായിരുന്നു’ എന്നാണ് സ്റ്റാന്‍ലി നിവാസിയായ റോബര്‍ട്ട് ഹോബന്‍ നോര്‍ത്ത് കരോലിന എഡ്യൂക്കേഷന്‍ ലോട്ടറി അധികൃതരോട് പറഞ്ഞതത്രെ.
താന്‍ തന്റെ വീട്ടുകാരോട് രാവിലെ ഇത് പറഞ്ഞു. സ്വപ്നം കണ്ടതും ലോട്ടറിയടിച്ചതും താന്‍ അവരോട് പറഞ്ഞു. ഞാന്‍ തമാശ പറയുകയാണ് എന്നാണ് അവര്‍ കരുതിയത്, കാരണം ഞാനിടയ്ക്ക് അവരെ പറ്റിക്കാറുണ്ടായിരുന്നു എന്നും ഹോബന്‍ പറഞ്ഞു.
എന്തായാലും, സ്വപ്നത്തില്‍ കണ്ട അതേ തുക ലോട്ടറിയടിച്ച ഈ കഥ ഹോബന്റെ വീട്ടുകാര്‍ക്കും, അധികൃതര്‍ക്കും മാത്രമല്ല, കേട്ട പലര്‍ക്കും വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.