കൊച്ചി: കോടതിയിലേക്ക് കൂളായി നടന്നുവരുന്ന ഉന്നതരായ പ്രതികള്‍ കോടതിയില്‍ എത്തുമ്പോള്‍ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പാതിവില തട്ടിപ്പുകേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദകുമാറിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. പല കേസുകളും പരിഗണിച്ചാണ് നിരീക്ഷണം. പാതിവില തട്ടിപ്പുകേസിലെ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാമര്‍ശം.
പ്രതികള്‍ ഈ സാഹചര്യങ്ങളെ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കിലും മറ്റു ചിലര്‍ ജയിലിലേക്ക് പോകണ്ട സാഹചര്യമുണ്ടാകുമ്പോള്‍ മാത്രം ഇത്തരത്തില്‍ കുഴഞ്ഞു വീഴുന്നു. സംസ്ഥാനത്തെ ജലിയിലുകളിലെ ചികിത്സാ സംവിധാനങ്ങള്‍ എത്രമാത്രം കാര്യക്ഷമമാണെന്ന് വ്യക്തത വരുത്താന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജയില്‍ ഡിജിപിയോട് കോടതി ആവശ്യപ്പെട്ടു.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply