
ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. നടന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. അതേസമയം കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്താന്‍ നടന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
കൂട്ടിക്കല്‍ ജയചന്ദ്രന്‍ നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ അധ്യക്ഷതയുടെ ബെഞ്ചിന് മുമ്പാകെയായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്ത് തങ്ങള്‍ക്കുവേണ്ടി ഹാജരാകുമെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഇപ്പോഴത്തെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. അദ്ദേഹത്തിന്റെ സൗകര്യം കണക്കിലെടുത്ത് ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തേ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം. ഈ ഇടക്കാല ഉത്തരവ് ബുധനാഴ്ചവരെ നീട്ടിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കസബ പൊലീസാണ് നടന്‍ ജയചന്ദ്രന് എതിരേ പോക്‌സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നല്‍കിയ പരാതി പൊലീസിനു കൈമാറുകയായിരുന്നു. നടനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞവര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.