
കൊച്ചി: പ്രകടനങ്ങളില്‍ പങ്കെടുക്കുന്നതോ മുദ്രാവാക്യം വിളിക്കുന്നതോ സമാധാനജീവിതം തടസ്സപ്പെടുത്തുന്നില്ലെന്ന് ഹൈക്കോടതി. പ്രകടനത്തില്‍ പങ്കെടുത്തതും മുദ്രാവാക്യം വിളിച്ചതും സമാധാനജീവിതത്തിന് തടസ്സമാകുന്നുവെന്നുകാട്ടി മലപ്പുറം സ്വദേശിനിയായ യുവതിക്ക് പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നല്‍കിയ നോട്ടീസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് വി.ജി. അരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ച്ചയായി ക്രമസമാധാനലംഘനം നടത്തുന്നുവെന്ന കൊളത്തൂര്‍ പോലീസിന്റെ റിപ്പോര്‍ട്ടില്‍ എ. ഷര്‍മിനയ്ക്കാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. 50,000 രൂപയുടെ ബോണ്ടിലും ആള്‍ജാമ്യത്തിലും ഒരു വര്‍ഷത്തേക്ക് നല്ലനടപ്പ് ജാമ്യം വിധിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു നോട്ടീസ്. ഇതിനെയാണ് ഹര്‍ജിക്കാരി ചോദ്യംചെയ്തത്.
പ്രകടനംനടത്തി ഗതാഗതം തടസ്സപ്പെടുത്തുന്നത് പതിവായതിനാല്‍ ഹര്‍ജിക്കാരി സമാധാനജീവിതത്തിന് തടസ്സമാണെന്നും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ വാദം തള്ളിയ കോടതി അഭിപ്രായസ്വാതന്ത്രത്തിന് യുക്തിസഹമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെങ്കിലും അത്തരമൊരു സാഹചര്യം ഇവിടെയില്ലെന്ന് വിലയിരുത്തി. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം അലസമായ നടപടിക്രമത്തിലൂടെ നിഷേധിക്കാനാകില്ല – കോടതി പറഞ്ഞു.
മാവോവാദി ബന്ധമുള്ള കവിതയുടെ ചരമവാര്‍ഷികദിനത്തില്‍ പ്രകടനം നടത്തിയതിന് തളാപ്പുഴയിലും ‘ബാബ്റിമണ്ണില്‍, നീതി മസ്ജിദ് മാത്രം’ എന്ന മുദ്രാവാക്യത്തോടെ പ്രകടനം നടത്തിയതിന് നിലമ്പൂരിലും എന്‍.ഐ.എ. റെയ്ഡില്‍ പ്രതിഷേധിച്ചതിന് പാണ്ടിക്കാടും ഹര്‍ജിക്കാരിയുടെ പേരില്‍ പോലീസ് കേസുണ്ട്. തുടര്‍ച്ചയായി സമാധാനജീവിതത്തിന് തടസ്സമാകുമ്പോള്‍ ബോണ്ടുവെക്കാന്‍ ഉത്തരവിടാന്‍ ബി.എന്‍.എസ്.എസ്. വകുപ്പ് 126 ആണ് എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റിന് അധികാരം നല്‍കുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.