തിരുവനന്തപുരം: തന്റെ സര്‍ക്കാരിനോട് കല്‍പന നടത്താന്‍ കഴിയുന്ന ഒരു വര്‍ഗീയ ശക്തിയും കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ ഭരിക്കാന്‍ കുറച്ച് ആത്മധൈര്യം വേണമെന്നും സമാധാനത്തിലേക്കും ശാന്തിയിലേക്കും മാറിയ ഒരു കേരളത്തേയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍
വര്‍ഗീയ സംഘര്‍ഷമൊന്നുമില്ലാത്ത ഒരു നാടാണ് കേരളമെന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ജനപ്രതിഷേധങ്ങള്‍ക്ക് നേര്‍ക്ക് ഒരു വെടിവെപ്പ് പോലും ഉണ്ടാകാത്ത നാട്. എല്ലാതലത്തിലും സമാധാനം പുലരുന്ന നാടായി കേരളം എന്തുകൊണ്ടാണ് മാറുന്നതെന്ന് ശ്രദ്ധിക്കണം. വര്‍ഗീയ സപര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരും ക്രമസമാധാനം തകര്‍ത്ത് സൈ്വര്യജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നവരും ഈ നാട്ടിലുണ്ട്. എന്നാല്‍ ഇത്തരം ശക്തികളെ തലപൊക്കാന്‍ അനുവദിക്കാത്ത ഒരു ഭരണസംവിധാനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അതാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ നാട് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘രാഷ്ട്രീയം മാറുമ്പോള്‍ സാമൂഹ്യ ജീവിതത്തിലും ചില മാറ്റങ്ങള്‍ വരുന്നുണ്ട്. സമാധാനത്തിലേക്കും ശാന്തിയിലേക്കും മാറിയ ഒരു കേരളത്തേയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത്. വിവിധ വര്‍ഗീയ ശക്തികളുണ്ട്. അവര്‍ക്ക് തരാതരം വഴങ്ങി കൊടുക്കുന്നതും അവരുടെ ആനുകൂല്യത്തില്‍ അധികാരം നിലനിര്‍ത്തുന്നതുമായ ഭരണമല്ല കേരളത്തിലുള്ളത്. അതിന് കുറച്ചൊരു ആത്മധൈര്യം വേണം. വര്‍ഗീയ വിധ്വസംക പ്രവര്‍ത്തനങ്ങളെ ഉരുക്കുമുഷ്ടിയോട് നേരിടാന്‍ കഴിയുന്നുണ്ട്.
നിങ്ങള്‍ ഞങ്ങളുടെ ശക്തികൊണ്ട് അധികാരത്തില്‍ വന്നവരല്ലേ. ഇനിയും നിങ്ങള്‍ക്ക് അധികാരത്തില്‍ വരേണ്ടതല്ലേ. അതുകൊണ്ട് പിടിച്ചുവെച്ച ഞങ്ങളുടെ ആളെ വിടൂ എന്ന് ഒരു വര്‍ഗീയ ശക്തിക്കും ഇന്ന് കേരളത്തില്‍ പറയാന്‍ കഴിയില്ല. ഈ ഭരണത്തോട് അങ്ങനെയൊരു കല്‍പന നടത്താന്‍ ഒരു വര്‍ഗീയ ശക്തിയും കേരളത്തിലില്ല. ഒമ്പത് വര്‍ഷം മുമ്പുള്ള സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. പോലീസിന് ന്യായമായും ചട്ടങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അനുവാദം പൂര്‍ണ്ണമായും ലഭിച്ചുവെന്നതാണ് വന്ന വ്യത്യാസം. ജനങ്ങള്‍ക്കും രാജ്യത്തിനും ഇതറിയാം. അതുകൊണ്ട് കേരളം മാതൃകയാണ്’ മുഖ്യമന്ത്രി പറഞ്ഞു


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply