റോഡ്‌വീലറിന്റെ ആക്രമണത്തില്‍ നിന്നും തന്റെ അഞ്ച് വയസുകാരനായ മകനെ രക്ഷിക്കാനായി ഒരമ്മ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങള്‍. റഷ്യയിലെ യെക്കാറ്റെറിന്‍ബര്‍ഗിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം തെരുവിലൂടെ നടക്കുകയായിരുന്നു അഞ്ച് വയസുകാരന് നേരെ പ്രകോപനമൊന്നുമില്ലാതെ നായ പാഞ്ഞടുക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ആദ്യമൊന്ന് പതറിയെങ്കിലും മനോധൈര്യം വീണ്ടെടുത്ത അമ്മ തന്റെ മകന്റെ മുകളിലേക്ക് വീണ് നായയില്‍ നിന്നും മകനെ രക്ഷിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ആര്‍ ടി ടെലിവിഷന്‍ തങ്ങളുടെ എക്‌സ് അക്കൌണ്ടിലൂടെ പറുത്ത് വിട്ടു. ഇതിനകം ഒരു കോടി അറുപത്തി മൂന്ന് ലക്ഷം പേരാണ് വീഡിയോ കണ്ടത്. സമീപത്ത് നിര്‍ത്തിയിട്ട ഒരു കാറില്‍ നിന്നും ചിത്രീകരിച്ച വീഡിയോയില്‍ ചോര വീണ് ചുവന്ന മഞ്ഞില്‍ ഒരു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് കമന്ന് കിടക്കുന്ന ഒരു അമ്മയെ കാണാം. തൊട്ടുപിന്നിലായി ഒരു കൂറ്റന്‍ റോഡ്‌വീലറും നില്‍ക്കുന്നു. ആക്രമണ സജ്ജനായി നില്‍ക്കുന്ന പട്ടി ചുറ്റുപാടും നിരീക്ഷിക്കുകയും ഇടയ്ക്ക് കുട്ടിക്ക് വേണ്ടി അമ്മയ്ക്കടുത്ത് മണപ്പിച്ച് നോക്കുന്നതും കാണാം. നായയുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം പാളുന്നതും വീഡിയോയില്‍ കാണാം.
ഒടുവില്‍ നായയുടെ ഉടമയായ സ്ത്രീ വന്ന് അതിനെ കൂട്ടിക്കൊണ്ട് പോകുന്നത് വരെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് അമ്മ കിടന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുഞ്ഞിന് പരിക്കുകളില്ലെങ്കിലും അമ്മയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നല്‍കി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കി. ചിലര്‍ അമ്മയെ അഭിനന്ദിച്ചു. സ്വന്തം ജീവന്‍ പണയം വച്ചും അപകടത്തില്‍പ്പെട്ട മകനെ രക്ഷിക്കാനുള്ള അമ്മയുടെ ധൈര്യത്തെ നിരവധി പേര്‍ പ്രശംസിച്ചു. അതേ സമയം അമ്മയെയോ മകനെയോ സഹായിക്കാതെ വീഡിയോ പകര്‍ത്തിയ ആളെ മറ്റ് ചിലര്‍ രൂക്ഷമായി വിമര്‍ശിച്ചു. നായയുടെ ഉടമയ്‌ക്കെതിരെ ചിലര്‍ നടപടി ആവശ്യപ്പെട്ടു. നായ നേരത്തെയും നിരവധി പേരെ അക്രമിച്ചിട്ടുണ്ടെന്ന് സമീപവാസികള്‍ പോലീസില്‍ പരാതി നല്‍കിയെന്നും നായയുടെ ഉടമയ്‌ക്കെതിരെ പോലീസ് കേസ് ഫയല്‍ ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply