കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാരോപിച്ചുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കാല്‍നടയാത്രക്കാരെ അടക്കം ബുദ്ധിമുട്ടിച്ചുളള സമരം ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നാണ് ആരോപണം. സമരത്തില്‍ പങ്കെടുത്ത് സംസാരിച്ച രമേശ് ചെന്നത്തല അടക്കമുളളവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
അതേസമയം, ആശാ പ്രവര്‍ത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചുമാണ് സിഐടിയു രം?ഗത്ത് വന്നത്. അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം സമരത്തെ വിമര്‍ശിച്ചു. രാഷ്ട്രീയപ്രേരിത സമരത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് സമരസമിതി നേതാവ് തിരിച്ചടിച്ചു. സമരത്തിന് പിന്തുണയറിയിച്ച് നടി രഞ്ജിനി സമരപ്പന്തലിലെത്തി.
സംസ്ഥാനത്ത് 27,000 ആശമാര്‍ ഉണ്ടെന്നും അതില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും എളമരം കരീം പറഞ്ഞു. രാഷ്ട്രീയപ്രേരിത സമരത്തില്‍ നിന്ന് അതിവേഗം പിന്തിരിയണം. പാട്ടപ്പിരിവ് സംഘങ്ങളാണ് സമരത്തിന് പിന്നില്‍. ആശമാര്‍ക്ക് ആനുകൂല്യം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. വോളണ്ടിയേഴ്‌സ് എന്ന പരിഗണനയാണ് കേന്ദ്രം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതം തന്നെയാണ്. സമരത്തെ പിന്തുണയ്ക്കുന്നത് യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസുമാണ്. എന്തുകൊണ്ട് ഐഎന്‍ടിയുസിയോ എഐടിയുസിയോ പിന്തുണയ്ക്കുന്നില്ല? ഇതിന് സമാനമായിരുന്നു പെമ്പിളൈ ഒരുമൈ എന്ന പേരില്‍ നടത്തിയ സമരം. ആശകളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് കൊണ്ടിരിത്തിയിരിക്കുകയാണ്. ആശകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്താല്‍ സിഐടിയു പിന്തുണയ്ക്കും. സെക്രട്ടേറിയേറ്റ് പടിക്കലെ സമരം തുടരുന്നതുകൊണ്ട് സര്‍ക്കാരിന് പ്രതിസന്ധിയില്ലെന്നും എളമരം കരീം പറഞ്ഞു.
അതേസമയം സമരത്തെ പിന്തുണച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി രംഗത്ത് വന്നു. ആശാവര്‍ക്കര്‍മാരുടേത് ന്യായമായ സമരമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും അവര്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയമാണ് നല്‍കുന്നത്. അത് പാരിതോഷികമായാണ് കണക്കാക്കുന്നത്. ശമ്പളം എന്ന നിലയില്‍ പോലും പ്രതിഫലം പരിഗണിക്കപ്പെടുന്നില്ല. വളരെ ഗൗരവമുള്ള വിഷയമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply