
അസുഖമാണെന്ന് കള്ളം പറഞ്ഞ് കൂര്‍ഗിലേക്ക് വാരാന്ത്യ യാത്ര പോയ ഒരു ജീവനക്കാരന് കിട്ടിയ പണിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ജീവനക്കാരന്‍ വയറിന് സുഖമില്ലെന്ന് പറഞ്ഞ് അവധിയെടുത്ത് കൂര്‍ഗിലേക്ക് പോയി തുടര്‍ന്ന് ഇതിന്റെ വീഡിയോ മാനേജറുടെ പക്കലെത്തിയതോടെയാണ് പണിപാളിയത്.
യുവാവ് തന്നെയാണ് റെഡ്ഡിറ്റില്‍ ഇതേ കുറിച്ച് പോസ്റ്റ് പങ്കുവെച്ചത്.കൂര്‍ഗിലേക്ക് ഒരു യാത്ര പോകാന്‍ വെള്ളിയാഴ്ച അവധി എടുക്കുന്നതിനായി തനിക്ക് വയറുവേദനയാണെന്ന് മാനേജരോട് കള്ളം പറഞ്ഞതായി യുവാവ് പറയുന്നു.
‘കഴിഞ്ഞ മാസം വെള്ളിയാഴ്ച ഞാന്‍ അവധിയെടുത്തു, എനിക്ക് സുഖമില്ലെന്ന് മാനേജരോട് പറഞ്ഞു. ഞങ്ങളുടെ ഹോംസ്റ്റേയില്‍ ആരോ ഡാന്‍സ് ചെയ്യുന്ന ഒരു റീലിന്റെ പശ്ചാത്തലത്തില്‍ എന്നെ ടാഗ് ചെയ്തു കിട്ടി. വീഡിയോ വൈറലായി – ഇന്‍സ്റ്റാഗ്രാമില്‍ 13,000 ലൈക്കുകള്‍ കിട്ടി,’ യുവാവ് പോസ്റ്റില്‍ പറയുന്നു.
‘നിങ്ങളുടെ വയറിന് സുഖമായെന്ന് കരുതുന്നു.’ എന്ന കുറിപ്പോടെ മാനേജര്‍ ഇതേ റീല്‍ യുവാവ് അയച്ചു കൊടുത്തുവെന്ന് യുവാവ് പോസ്റ്റില്‍ പറയുന്നു.
‘ദൈവത്തിന് നന്ദി, എനിക്ക് ഇപ്പോഴും ജോലിയുണ്ട്, പക്ഷേ അന്നുമുതല്‍ വര്‍ക്ക് ഫ്രം ഹോം അപേക്ഷകളൊന്നും അംഗീകരിച്ചിട്ടില്ല. അദ്ദേഹത്തിന് ഇപ്പോള്‍ എന്നെ വിശ്വാസമില്ല.- യുവാവ് പോസ്റ്റില്‍ അവസാന് കുറിച്ചു.
പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി നിരവധി പേര്‍ കമന്റും ചെയ്തു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ വിനയാവുമെന്ന് ഒരാള്‍ കമന്റ് ചെയ്തു. ഈ പോസ്റ്റ് മാനേജര്‍ കണ്ട് ഉള്ള പണി പോവരുതെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു