ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ദിവസേന നിരവധിപേരാണ് ഇന്ത്യയുടെ വൈവിധ്യം ആസ്വദിക്കാനും അടുത്തറിയാനും രാജ്യത്തേക്ക് എത്തുന്നത്. ഇന്ത്യയെകുറിച്ചുള്ള തങ്ങളുടെ അഭിപ്രായം പല ടൂറിസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. ഇത്തരത്തിലുള്ളൊരു അനുഭവ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ ആറാഴ്ച തനിച്ച് യാത്ര ചെയ്ത ട്രാവൽ വ്ലോഗറായ വിക്ടോറിയയാണ് തന്റെ യാത്രകളേയും അനുഭവങ്ങളേയും അടിസ്ഥാനമാക്കി രാജ്യത്തെക്കുറിച്ച് താൻ പഠിച്ച സത്യങ്ങൾ ഇൻസ്റ്റാഗ്രാൽ കുറിച്ചത്.

മികച്ച ഗതാഗത സംവിധാനം

ഇന്ത്യയിലെ നഗരങ്ങൾക്കിടയിലുള്ള യാത്രാ സംവിധാനത്തെ, പ്രത്യേകിച്ച് സ്ലീപ്പർ ബസ്സുകളുടെ ലഭ്യതയെ വിക്ടോറിയ പ്രശംസിച്ചു. ‘ഒരു ദിവസം മുൻപ് നിങ്ങൾക്ക് എളുപ്പത്തിൽ ബസ് ടിക്കറ്റ് വാങ്ങാം. ഓൺലൈനിൽ ബുക്ക് ചെയ്യാൻ എളുപ്പമാണ്. വളരെ സൗകര്യപ്രദവുമാണ്’. അവർ പറയുന്നു.

ഗുരുതരമായ മാലിന്യ പ്രശ്നം

ഇത് നുണയല്ല, ധാരാളം ആളുകൾ തെരുവുകളിൽ മാലിന്യം വലിച്ചെറിയുന്നത് താന്‍ കണ്ടുവെന്നാണ് വിക്ടോറിയ എഴുതിയത്. ആദ്യം ശ്രദ്ധിച്ചതും അവഗണിക്കാനാവാത്തതുമായ കാര്യങ്ങളിൽ ഒന്നായിരുന്നു ഇതെന്നും പ്രത്യേകിച്ചും തിരക്കേറിയ സ്ഥലങ്ങളിലാണ് മാലിന്യം വലിച്ചെറിയുന്നതെന്നും അവർ പറയുന്നു.

അവിശ്വസനീയമാംവിധം സമ്പന്നമായ സംസ്കാരം

ഓരോ നഗരവും ഒരു പുതിയ ലോകം പോലെ തോന്നി. വ്യത്യസ്തമായ അന്തരീക്ഷം, വ്യത്യസ്തമായ വാസ്തുവിദ്യ, അതിന്റേതായ കഥ. ഇന്ത്യ എത്രത്തോളം വൈവിധ്യപൂർണമാണെന്ന് ഓരോ പ്രദേശങ്ങളെ കുറിച്ചും ഊന്നിപ്പറഞ്ഞുകൊണ്ട് അവർ എഴുതി.

പലപ്പോഴും പണത്തിന്റെ പേരില്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു

തെരുവ് കച്ചവടക്കാരിൽനിന്നും ഇടനിലക്കാരിൽ നിന്നുമുള്ള നിരന്തരമായ സമ്മർദ്ദമാണ് അവർ ശ്രദ്ധിച്ച ഒരു പോരായ്മ. നിങ്ങൾ പുറത്തിറങ്ങുമ്പോഴെല്ലാം, വേണ്ടെന്ന് നിങ്ങൾ വ്യക്തമായി പറയുമ്പോഴും ആളുകൾ നിങ്ങളെ തടയുന്നു. അവർ നിങ്ങളെ വിടുകയില്ല. ഇത് മടുപ്പുളവാക്കുന്നതാണ്.

നിങ്ങളുടെ ബഡ്ജറ്റ് നിങ്ങളുടെ അനുഭവത്തെ രൂപപ്പെടുത്തുന്നു

ഇന്ത്യയിലൂടെ യാത്ര ചെയ്യുമ്പോൾ പണത്തിന് നിങ്ങളുടെ സുഖസൗകര്യങ്ങളെ കാര്യമായി സ്വാധീനിക്കാൻ കഴിയുമെന്ന് അവർ പറയുന്നു. പണം നിങ്ങൾക്ക് സുഖസൗകര്യങ്ങൾ നേടാന്‍ സഹായിക്കും. താമസസ്ഥലങ്ങളിലും ചുറ്റുപാടുകളിലുമുള്ള വലിയ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ വിശദീകരിച്ചു.

അതീവ ശ്രദ്ധാലുവായിരിക്കണം

പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു സ്ത്രീ എന്ന നിലയിൽ ജാഗ്രതയുടെ ആവശ്യകത വിക്ടോറിയ എടുത്തുപറഞ്ഞു.

മികച്ച യോഗ

യോഗയുടെ ജന്മനാട് എന്ന നിലയിൽ, ഇന്ത്യ അതിന്റെ ആത്മീയ ഖ്യാതിക്ക് അനുസൃതമായി നിലകൊള്ളുന്നു. പരമ്പരാഗത ആശ്രമങ്ങൾ മുതൽ ആധുനിക ക്ലാസ്സുകൾ വരെ, യോഗയുടെ വിവിധ രൂപങ്ങൾ അനുഭവിക്കാൻ കഴിയും.

അവിശ്വസനീയമായ പ്രകൃതി സൗന്ദര്യം

പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ മുതൽ മരുഭൂമികളും പർവതങ്ങളും വരെ, ഇന്ത്യയുടെ ഭൂപ്രകൃതി മനോഹരമാണെന്ന് അവർ പറയുന്നു. വിവിധ പ്രദേശങ്ങളിലെ പ്രകൃതിദൃശ്യങ്ങളുടെ വൈവിധ്യത്തിൽ വിക്ടോറിയ വിസ്മയിച്ചു.

എല്ലായിടത്തും ധാരാളം മൃഗങ്ങൾ

തെരുവുകളിലെ പശുക്കളായാലും കുരങ്ങുകളായാലും നടപ്പാതകളിൽ ചുരുണ്ടുകൂടി കിടക്കുന്ന പട്ടികളായാലും മൃഗങ്ങൾ ഇന്ത്യയിലെ പൊതുജീവിതത്തിന്റെ ഭാഗമാണെന്ന് അവർ പറയുന്നു.

വിദേശികൾക്ക് വ്യത്യസ്ത വിലകൾ

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉൾപ്പടെ വിദേശികളായ സഞ്ചാരികളിൽനിന്ന് പലപ്പോഴും കൂടുതൽ പണം ഈടാക്കുന്നതായി ശ്രദ്ധിച്ചു. ചിലപ്പോൾ ഇത് 10 ഇരട്ടി വരെയാകും. അവയിൽ ചിലത് എനിക്ക് താങ്ങാൻ കഴിഞ്ഞില്ല.

‘ഇന്ത്യ അത്ഭുതകരമാണ്, എന്നാൽ ഞാൻ ഇതുവരെ യാത്ര ചെയ്തതിൽ വെച്ച് ഏറ്റവും കഠിനമായ രാജ്യങ്ങളിൽ ഒന്നാണിത്’ എന്നു പറഞ്ഞുകൊണ്ടാണ് തന്റെ അനുഭവ കുറിപ്പ് അവർ അവസാനിപ്പിച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply