
മുംബൈ: പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള യുപിഐ വിലാസങ്ങള്‍ ഒഴിവാക്കാന്‍ നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഏപ്രില്‍ ഒന്നു മുതല്‍ ഈ വിലാസങ്ങളില്‍നിന്നുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാനാണ് തീരുമാനം. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഇതു ബാധകമായിരിക്കും.
മൊബൈല്‍ നമ്പര്‍ മാറ്റിയെങ്കിലും യുപിഐ വിലാസത്തില്‍ നമ്പര്‍ മാറ്റാതിരിക്കുന്ന അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പര്‍ ഡീആക്ടിവേറ്റ് ചെയ്തിട്ടും ബാങ്കില്‍ വിവരങ്ങള്‍ പുതുക്കിനല്‍കാത്ത അക്കൗണ്ടുകള്‍, ഫോണ്‍ നമ്പര്‍ വേറെ ഉപഭോക്താവിന് ഉപയോഗത്തിനായി നല്‍കിയിട്ടും യുപിഐ അക്കൗണ്ടില്‍ മാറ്റാതിരിക്കുന്ന അക്കൗണ്ടുകള്‍ തുടങ്ങിയവയ്ക്കാണ് ഇതു ബാധകമാകുകയെന്ന് എന്‍പിസിഐ വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സജീവമാക്കിയാല്‍ ഇതുവഴിയുള്ള പ്രശ്‌നം ഒഴിവാക്കാനാകും. യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമായിപ്പോയിട്ടുണ്ടെങ്കില്‍ എത്രയും വേഗം ബാങ്ക് അക്കൗണ്ടും യുപിഐ വിലാസവും പുതിയ നമ്പറുമായി ബന്ധിപ്പിക്കാനും എന്‍പിസിഐ നിര്‍ദേശിക്കുന്നു.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് എന്‍പിസിഐ ഇത്തരമൊരു നടപടിക്കു മുതിരുന്നത്. പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള യുപിഐ വിലാസങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാണ് നീക്കം. ഭാവിയില്‍ ഇത്തരം വിലാസങ്ങള്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാതിരിക്കാനായി ഡീആക്ടിവേറ്റ് ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ബന്ധിപ്പിച്ചിട്ടുള്ള യുപിഐ വിലാസങ്ങള്‍ നീക്കം ചെയ്യാനാണ് ബാങ്കുകള്‍ക്കും പേമെന്റ് ആപ്പുകള്‍ക്കും എന്‍പിസിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സേവനം ഒഴിവാക്കുന്നതിനു മുന്‍പായി ബന്ധപ്പെട്ട നമ്പറില്‍ സന്ദേശം നല്‍കി ഉപഭോക്താവിനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.