വാഷിങ്ടണ്‍: മുപ്പതുദിവസത്തില്‍ കൂടുതല്‍ യുഎസില്‍ താമസിക്കുന്ന വിദേശികള്‍ ഫെഡറല്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം. രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നത് പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

അനധികൃതമായി യുഎസില്‍ താമസിക്കുന്നവരെ കണ്ടെത്താനും ഇവരെ നാടുകടത്താനുമാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയുംചെയ്യുമെന്നും ഒരിക്കലും അമേരിക്കയില്‍ പ്രവേശിക്കാനാകില്ലെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റും വ്യക്തമാക്കി.

എച്ച്-1 ബി വിസയിലോ സ്റ്റുഡന്റ് വിസയിലോ അമേരിക്കയില്‍ താമസിക്കുന്ന വിദേശികളെ പുതിയ നിര്‍ദേശം നേരിട്ട് ബാധിക്കില്ല. അതേസമയം, എച്ച്-1 ബി വിസയിലെത്തി ജോലി നഷ്ടപ്പെട്ടിട്ടും നിര്‍ദിഷ്ട കാലയളവിനുള്ളില്‍ രാജ്യംവിടാത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ നിര്‍ദേശപ്രകാരം നടപടി നേരിടേണ്ടിവരും. അതിനാല്‍ എച്ച്-1 ബി വിസയുള്ളവരും വിദ്യാര്‍ഥികളും ആവശ്യമായ രേഖകളുണ്ടെന്ന് ഉറപ്പുവരുത്തണം.

അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കുള്ള സന്ദേശം എന്നപേരിലാണ് പുതിയ നിര്‍ദേശം ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. രജിസ്റ്റര്‍ചെയ്യുന്ന അനധികൃത താമസക്കാരായ വിദേശികള്‍ക്ക് സ്വയം നാടുവിടാനുള്ള അവസരവും സ്വന്തം ഇഷ്ടത്തിന് വിമാനം ഉള്‍പ്പെടെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭിക്കും. ഏതെങ്കിലുംരീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത, അനധികൃത താമസക്കാര്‍ക്ക് യുഎസില്‍നിന്ന് സമ്പാദിച്ച പണം ഉള്‍പ്പെടെ കൈവശം വയ്ക്കാനും കഴിയും. സ്വയം നാടുവിടുന്നവര്‍ക്ക് ഭാവിയില്‍ നിയമപരമായ കുടിയേറ്റത്തിനും അവസരമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, അനധികൃതമായി താമസിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യാതെ പിടിക്കപ്പെടുകയാണെങ്കില്‍ ഇവരെ ഉടന്‍തന്നെ നാടുകടത്തും. പിഴയും ജയില്‍ശിക്ഷയും ഉള്‍പ്പെടെ നേരിടേണ്ടിവരികയുംചെയ്യും. പിന്നീട് യുഎസില്‍ പ്രവേശിക്കാനുള്ള സാധ്യതകളും ഇല്ലാതാകും.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply