
വാഷിങ്ടന്‍: യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലാക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗ്വാണ്ടനാമോ ബേയില്‍ 30,000 കുടിയേറ്റക്കാര്‍ക്കുള്ള സൗകര്യമൊരുക്കാനാണു നീക്കം. പെന്റഗണിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കുമെന്നു ട്രംപ് പറഞ്ഞു. ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളത്തിലാണ് അതിസുരക്ഷാ ജയില്‍. ഭീകരരെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. കുടിയേറ്റക്കാരെ നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ യുഎസ് തുടരുകയാണ്.
”ഗ്വാണ്ടനാമോയില്‍ 30,000 കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യമൊരുക്കാന്‍ പ്രതിരോധ, ആഭ്യന്തര സുരക്ഷാ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കുകയാണ്. അമേരിക്കന്‍ ജനതയ്ക്കു ഭീഷണിയായ നിയമവിരുദ്ധ, ക്രിമിനല്‍ കുടിയേറ്റക്കാരെ തടങ്കലില്‍ വയ്ക്കാന്‍ ഈ സൗകര്യം ഉപയോഗിക്കും. അവരില്‍ ചിലര്‍ വളരെ മോശമാണ്, അവരുടെ രാജ്യങ്ങള്‍പോലും സ്വീകരിക്കില്ല. അവര്‍ തിരിച്ചുവരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നത്”- ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു.
അതിക്രൂരമായ തീരുമാനമാണു ട്രംപിന്റേതെന്നു ക്യൂബ പ്രതികരിച്ചു. 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തെ തുടര്‍ന്നു വിദേശ ഭീകരരെന്നു സംശയിക്കുന്നവരെ തടങ്കലില്‍ വയ്ക്കാനാണ് 2002ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു.ബുഷ് ഗ്വാണ്ടനാമോയില്‍ ജയില്‍ തുറന്നത്. നിലവില്‍ 15 തടവുകാരുണ്ട്. ഭീകരര്‍ക്കുള്ള ജയിലറകളില്‍നിന്നു വ്യത്യസ്തമായാണു കുടിയേറ്റക്കാര്‍ക്കു സൗകര്യം ഒരുക്കുകയെന്നാണു റിപ്പോര്‍ട്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.