കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന് കുരുക്കായി കഴുത്തിലണിഞ്ഞ മാല. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ വേടൻ്റെ കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ഇതിലേക്കും നീണ്ടത്. ഈ മാലയ്ക്ക് ആവശ്യമായ പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് അറിയാനാണ് അന്വേഷണം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ  തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ എത്തി. കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.

മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തായ്‌ലൻഡിൽ നിന്നാണ് പുലിപ്പല്ല് എത്തിച്ചതെന്നും ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വനം വകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണ് പണമെന്ന് വേടൻ വ്യക്തമാക്കി. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന ഫ്ലാറ്റിലാണ് പരിശോധന നടന്നത്. രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും വിശ്രമിക്കുകയായിരുന്നു. പിടിയിലായവരെല്ലാം വേടന്‍റെ റാപ്പ് ടീമിൽ ഉള്‍പ്പെട്ടവരാണ്. വേടൻ അടക്കം എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രിയാണ് വേടനടക്കമുള്ള ഒമ്പതുപേര്‍ പരിപാടി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയത്. 
 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply