തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രതിവര്‍ഷം 400 ഓളം പ്രസവങ്ങള്‍ വീട്ടില്‍ വച്ച് നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ ആകെ 2,94,058 പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങള്‍ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. ഇതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണ്.

ജനപ്രതിനിധികളുടേയും സാമുദായിക സാംസ്‌കാരിക സംഘടനകളുടേയും സഹകരണത്തോടെ വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെപ്പറ്റി ബോധവത്ക്കരണം ശക്തമാക്കും. ഓരോ പ്രദേശത്തിന്റേയും കൃത്യമായ ഡേറ്റയും കാരണവും ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിനോടൊപ്പം മറ്റ് വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഓരോ പ്രദേശത്തിന്റേയും വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണം. സാമൂഹ്യമാധ്യമങ്ങളിലൂടേയും യൂട്യൂബിലൂടേയും തെറ്റായ ആരോഗ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply