
ചേർത്തല: മലപ്പുറം ചുങ്കത്തറയിലെ വിവാദ പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി. രാഷ്ട്രീയ പാർട്ടിക്ക് എതിരെ മുഖ്യമന്ത്രി പറഞ്ഞതിനെ ആ പാർട്ടിക്ക് വേണ്ടി ചിലർ തെറ്റായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി യോഗത്തിൻ്റെയും എസ്എൻ ട്രസ്റ്റിൻ്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ.
വെള്ളാള്ളിക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ നല്ല ശേഷിയുണ്ട്. സരസ്വതി വിലാസം അദ്ദേഹത്തിൻ്റെ നാക്കിനുണ്ട്. വെള്ളാപ്പള്ളി മതനിരപേക്ഷത എന്നും ഉയർത്തി പിടിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ചില വിവാദങ്ങളുണ്ടായി. എന്നാൽ വെള്ളാപ്പള്ളിയെ അടുത്തറിയുന്നവർക്ക് അറിയാം അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന്. രാഷ്ട്രീയ പാർട്ടിക്ക് എതിരെയാണ് അദ്ദേഹം പറഞ്ഞത്. ആ പാർട്ടിക്ക് വേണ്ടി ചിലർ പ്രസംഗം തെറ്റായി പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
അനിതരസാധാരണമായ കർമ്മശേഷിയും നേതൃപാടവവും കൊണ്ട് വെള്ളാപ്പള്ളി രണ്ട് ചരിത്ര നിയോഗങ്ങളുടെ നെറുകയിൽ എത്തി നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആത്മാഭിമാനത്തോടെ തലയുയർത്തി പിടിച്ച് നിൽക്കാൻ എസ്എൻഡിപി യോഗം അംഗങ്ങൾക്ക് ആശയും ആവേശവും നൽകി എന്നതാണ് വെള്ളാപ്പള്ളി നടേശനെന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് വെള്ളാപ്പള്ളി നടേശന് കീഴിൽ എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും വളർന്നു. രണ്ട് സംഘടനകളുടെ നേതൃത്വം ഒരേ സമയം നിർവഹിച്ച്, ഒന്നിനൊന്നു മെച്ചപ്പെട്ട നിലയിൽ കാര്യങ്ങൾ നിർവഹിക്കാൻ അദ്ദേഹം തയ്യാറായി. കേരളത്തിൻ്റെ വളർച്ചയ്ക്ക് വലിയ സംഭാവന ചെയ്ത സംഘടനയാണ് എസ്എൻഡിപി. അതിനെ മുപ്പത് വർഷം നയിച്ചത് അപൂർവതയാണ്. കുമാരനാശാന് പോലും കഴിയാത്ത കാര്യമാണ് വെള്ളാപ്പള്ളി നടേശന് സാധിച്ചത്. കുമാരനാശാൻ പോലും 16 വർഷം മാത്രമാണ് ഈ സ്ഥാനത്ത് ഇരുന്നത് എന്നത് ഓർക്കണം. വെള്ളാപ്പള്ളിക്ക് കീഴിൽ എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുരുവിൻ്റെ ചിന്തകൾക്ക് പ്രസക്തി ഉള്ള കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരു എതിർത്തതിനെ ഒക്കെ തിരിച്ചു കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ട്. കുപ്രചരണങ്ങൾ നടത്തി സാഹോദര്യം തകർക്കാൻ ചിലർ ശ്രമിക്കുന്നു. മതപരമായ ആഘോഷങ്ങൾ ചിലർ അക്രമത്തിനുള്ള അവസരമാക്കുന്നു. പള്ളിമുറ്റത്ത് ഉൾപ്പടെ പൊങ്കാല ഇടുന്നത് നമ്മുടെ മുന്നിൽ ഉണ്ട്. കേരളത്തിൻ്റെ മതനിരപേക്ഷത തകർക്കാൻ ശ്രമം നടക്കുന്നു. ജാതി പറയുന്നതിൽ ചിലർ അഭിമാനം കൊള്ളുന്നു. ജാതി ചോദിക്കരുതെന്ന് ഗുരു പറഞ്ഞു. ഇവിടെ ജാതി ചോദിക്കാൻ ചിലർ പറയുന്നു. നാടിനെ പിന്നോട്ട് നയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ലക്ഷ്യം. ഇതിനെതിരെ എസ്എൻഡിപി ശക്തമായി ഇടപെടണം
Discover more from MALAYALAM
Subscribe to get the latest posts sent to your email.