
അഭ്യൂഹങ്ങളും ചോദ്യങ്ങളും ഇനി അവസാനിപ്പിക്കാം. നടൻ വിശാൽ വിവാഹിതനാവുന്നു. നടി സായ് ധൻസികയാണ് വധു. സായ് ധൻസിക നായികയാവുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് താരങ്ങൾതന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്. വിവാഹത്തീയതിയും പ്രഖ്യാപിച്ചു. കബാലി, പരദേശി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ധൻസിക.
ഈ വർഷം ഓഗസ്റ്റ് 29-നാണ് വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്. സായ് ധൻസിക നായികയാവുന്ന യോഗി ഡാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തിങ്കളാഴ്ച നടന്നിരുന്നു. ഈ ചടങ്ങിൽവെച്ചാണ് തങ്ങൾ വിവാഹിതരാവാൻ പോകുന്ന കാര്യം വിശാലും സായി ധൻസികയും സ്ഥിരീകരിച്ചത്. ചടങ്ങിൽനിന്നുള്ള ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഏതാനും ദിവസങ്ങൾക്കുമുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ താൻ ഉടൻ വിവാഹിതനാവുമെന്ന് വിശാൽ പറഞ്ഞിരുന്നു. “അതെ, എന്റെ ഭാവിവധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ തന്നെ പ്രഖ്യാപിക്കും.” വിവാഹത്തേക്കുറിച്ച് ചോദിച്ചപ്പോൾ വിശാലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറികൂടിയാണ് വിശാൽ. നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ തന്റെ വിവാഹവും നടക്കൂ എന്നാണ് നേരത്തേ വിവാഹത്തേക്കുറിച്ച് ചോദിച്ചാൽ വിശാൽ പറഞ്ഞിരുന്ന ഉത്തരം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.