പത്തനംതിട്ട: സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഇറങ്ങിപ്പോക്കില്‍ മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത. ഇറങ്ങിപ്പോക്കിലും, തൊട്ട് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിന് കടുത്ത അതൃപ്തി. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും. അതേസമയം, പത്മകുമാര്‍ പാര്‍ട്ടി വിടില്ലെന്ന പ്രതീക്ഷയില്ലാണ് നേതാക്കള്‍.
സിപിഎം സംസ്ഥാന സമിതിയില്‍ എടുത്തില്ല എന്ന കാരണത്താലാണ് എ പത്മകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. എന്നാല്‍ മുതിര്‍ന്ന നേതാവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. പത്മകുമാര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി സംഘടനാ തലത്തില്‍ തീരുമാനിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ആയിരൂര്‍ പ്രദീപ് പറഞ്ഞു. എ പത്മകുമാര്‍ പാര്‍ട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. അത്തരത്തില്‍ ഒട്ടേറെ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നുണ്ടെന്ന് ഡിസിസി പ്രസിഡറ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
അതൃപ്തി പരസ്യമാക്കി പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെയാണ് പത്മകുമാര്‍ കൊല്ലത്ത് നിന്ന് മടങ്ങിയത്. ഉച്ചഭക്ഷണത്തിന് നില്‍ക്കാതെയാണ് പത്മകുമാര്‍ പ്രതിഷേധിച്ച് കൊല്ലം വിട്ടത്. ‘ചതിവ് വഞ്ചന അവഹേളനം’ എന്ന് പത്മകുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചു. ‘ചതിവ്, വഞ്ചന, അവഹേളനം – 52 വര്‍ഷത്തെ ബാക്കിപത്രം ലാല്‍ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈല്‍ ചിത്രവും മാറ്റി. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതോടെ അദ്ദേഹം പിന്‍വലിച്ചു. സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കുമ്പോള്‍ കഴിഞ്ഞ കാലത്തെ സമര, സംഘടന പ്രവര്‍ത്തനങ്ങളും കണക്കിലെടുക്കണമായിരുന്നുവെന്ന് പത്മകുമാര്‍ പ്രതികരിച്ചു. ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടിക്ക് ബോധ്യപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply