
ന്യൂഡല്‍ഹി: 2025-ലെ വഖഫ് ഭേദഗതി വഖഫ് ബോര്‍ഡിന്റെ പ്രവർത്തനങ്ങളിലെ നിയന്ത്രണത്തിന് മാത്രമാണെന്നും മതപരമായ അവകാശങ്ങളെ അത് ബാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മൗലികാവകാശങ്ങളുടെ ലംഘനമാണ് വഖഫ് ഭേദഗതി നിയമമെന്ന വാദങ്ങള്‍ നിരാകരിച്ചുകൊണ്ട് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
സ്വത്തുനടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് മാത്രമുള്ളതാണ് ഭേദഗതികളെന്നും അതിനാല്‍ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ പ്രകാരം ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമില്ലെന്നും കേന്ദ്രം പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യങ്ങളെ ലംഘിക്കുന്ന ഒന്നല്ല വഖഫ് ഭേദഗതി നിയമം. നടപടിക്രമ പരിഷ്‌കാരങ്ങള്‍, ഭരണപരമായ ഘടന, മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളിലാണ് ഈ നിയമം ബാധകമാകുന്നതെന്നും കേന്ദ്രം പറയുന്നു. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഉണ്ടായ വാദങ്ങളിലും കേന്ദ്രം മറുപടി നല്‍കി.
‘ഉപയോഗത്തിലൂടെ വഖഫായ (waqf-by-user) എന്നത് ഭേദഗതിയില്‍ ഒഴിവാക്കുന്നത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിലവിലുള്ള വഖഫ് ഭൂമികളെ ബാധിക്കില്ല. പ്രത്യേക ആധാരങ്ങള്‍ ഇല്ലാത്ത, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വഖഫ് ഭൂമികളെ ഈ ഒഴിവാക്കല്‍ ബാധിക്കുമെന്നത് തെറ്റായ പ്രചാരണമാണ്. നിലവില്‍ ഉപയോഗത്തിലൂടെയുള്ള വഖഫ്’ ഭൂമികള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ഒരു രേഖയും ഹാജരാക്കേണ്ട ആവശ്യമില്ല. അവ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നതാണ് ഏക വ്യവസ്ഥ. എന്നാല്‍, വഖഫ് ഭൂമികളുടെ രജിസ്‌ട്രേഷന്‍ ഒരു പുതിയ വ്യവസ്ഥയല്ല. 1923-ലെ മുസല്‍മാന്‍ വഖഫ് നിയമം പ്രാബല്യത്തില്‍ വന്നതു മുതല്‍ നൂറു വര്‍ഷങ്ങളായി ഈ വ്യവസ്ഥ നിലവിലുണ്ടായിരുന്നു. 1954-ലെയും 1995-ലെയും വഖഫ് നിയമങ്ങളിലും സമാനമായ വ്യവസ്ഥ ഉണ്ടായിരുന്നു.’ കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാര്‍ വാദം നിരത്തി. കേന്ദ്ര വഖഫ് കൗണ്‍സിലിന് പൊതുവായ ഉപദേശക റോള്‍ മാത്രമേയുള്ളൂ, അത് ഏതെങ്കിലും പ്രത്യേക ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല. സംസ്ഥാന ബോര്‍ഡാണ് മതേതര സ്വഭാവമുള്ള നിയന്ത്രണാധികാരങ്ങള്‍ പ്രയോഗിക്കുന്നത്. വഖഫ് ബോര്‍ഡ് ഒരു മതേതര സ്ഥാപനമാണെന്നും മുസ്ലിങ്ങളുടെ പ്രതിനിധി സഭയല്ലെന്നും നിലപാടെടുക്കുന്ന കോടതിവിധികളും നിലവിലുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
മാറ്റങ്ങള്‍ മുസ്ലിങ്ങളുടെ മതപരമായ അവകാശങ്ങളെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഒരു മതത്തിന്റെ തത്വങ്ങള്‍ക്കനുസരിച്ച് സ്വത്ത് ഭരിക്കാനുള്ള അവകാശം അനുച്ഛേദം 26 നല്‍കുന്നില്ല. മാറ്റങ്ങള്‍ ഈ സമിതികളില്‍ മുസ്ലിങ്ങളെ ന്യൂനപക്ഷമാക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എക്സ്-ഒഫീഷ്യോ അംഗങ്ങളും അമുസ്ലിങ്ങളാണെന്ന് അനുമാനിച്ചാല്‍ പോലും, കേന്ദ്ര കൗണ്‍സിലില്‍ സാധ്യമായ അമുസ്ലിങ്ങളുടെ എണ്ണം പരമാവധി നാലും (22 അംഗങ്ങളില്‍) സംസ്ഥാന ബോര്‍ഡുകളില്‍ മൂന്നും(11 അംഗങ്ങളില്‍) ആണെന്നും കേന്ദ്രം വ്യക്തമാക്കി.
വഖഫ് ബോര്‍ഡുകളും ഹിന്ദു മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സമിതികളും തമ്മില്‍ വ്യത്യാസമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. വാദം കേള്‍ക്കുന്നതിനിടെ, ഹിന്ദു ബോര്‍ഡുകളില്‍ മുസ്ലിങ്ങ ളെ ഉള്‍പ്പെടുത്താമോ എന്ന് കോടതി ചോദിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദുമത സ്ഥാപനങ്ങളെ സംബന്ധിച്ച് പ്രത്യേക നിയമങ്ങളില്ല, പല സംസ്ഥാനങ്ങളിലും ട്രസ്റ്റുകള്‍ക്ക് ബാധകമായ പൊതുനിയമങ്ങള്‍ വഴിയാണ് അവ കൈകാര്യം ചെയ്യുന്നത്. മാത്രമല്ല, വഖഫ് ബോര്‍ഡുകള്‍ പലപ്പോഴും അമുസ്ലിങ്ങളുടെ സ്വത്തുക്കളിലും അധികാരപരിധി പ്രയോഗിക്കുന്നതിനാല്‍, ബോര്‍ഡുകളിലെ അമുസ്ലിങ്ങളുടെ സാന്നിധ്യം ഇരുപക്ഷത്തുമുള്ളവരുടെ ഭരണഘടനാപരമായ തുല്യത ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും വഖഫ് സ്വത്തുക്കളായി പ്രഖ്യാപിക്കപ്പെട്ട അമ്പരപ്പിക്കുന്ന ഉദാഹരണങ്ങള്‍ ഉണ്ടെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാനും ഒരു സംവിധാനം ഇതിലൂടെ നല്‍കാന്‍ കഴിയുമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ആധാരമോ സര്‍വേയോ തീര്‍പ്പുകല്‍പ്പിക്കലോ ഇല്ലാതെ, ബോര്‍ഡിന്റെ ഏകപക്ഷീയമായ രേഖകളെ മാത്രം ആശ്രയിച്ച്, രാജ്യത്തുടനീളം വഖഫ് ബോര്‍ഡുകള്‍ സര്‍ക്കാര്‍ ഭൂമി, സംരക്ഷിത സ്മാരകങ്ങള്‍ എന്നിവയുടെ മേല്‍ ഉടമസ്ഥാവകാശം ഉന്നയിച്ച സംഭവങ്ങളില്‍ നിന്നാണ് ഈ വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ കാരണമെന്നും കേന്ദ്രം പറയുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.