
തൃശ്ശൂര്‍ : അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കുന്ന ദൗത്യം പൂര്‍ണ വിജയമെന്ന് പറയാനായിട്ടില്ലെന്ന് ഡോ. അരുണ്‍ സക്കറിയ. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയില്‍ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാല്‍ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുണ്‍ സക്കറിയ അറിയിച്ചു.
ഒന്നരമാസത്തോളം തുടര്‍ച്ചയായി ചികിത്സ നല്‍കേണ്ടിവരും. പ്രത്യേക മെഡിക്കല്‍ സംഘം ആനയ്ക്ക് നല്‍കേണ്ട ചികിത്സയെക്കുറിച്ച് മാര്‍ഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ട്. നിലവില്‍ ശാന്തനായാണ് കാണുന്നത്. ആദ്യം ആനയ്ക്ക് നല്‍കിയ ചികിത്സ ഫലം കണ്ടിരുന്നു. പുഴു കയറിയാണ് വീണ്ടും ഇന്‍ഫക്ഷന്‍ ആയത്. ആന മയങ്ങി വീണത് ഗുണം ചെയ്തു. സ്‌പോട്ടില്‍ വച്ച് തന്നെ ചികിത്സ നല്‍കാനായി. പഴുപ്പ് പൂര്‍ണമായും നീക്കം ചെയ്തു. കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞ വര്‍ഷം മാത്രം ഏറ്റുമുട്ടലില്‍ ചരിഞ്ഞത് 12 ആനകളാണെന്നും ഡോ. അരുണ്‍ സക്കറിയ അറിയിച്ചു.
അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ രാവിലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളില്‍ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേല്‍പ്പിക്കാനായി. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമല്‍ ആംബുലന്‍സിലേക്ക് മാറ്റി. കോടനാട്ടിലേക്ക് എത്തിച്ചു.