വണ്ണം കുറയ്ക്കാൻ പലവിധ മാർ​ഗങ്ങൾ പരീക്ഷിക്കുന്നവരുണ്ട്. കർശനമായ ഡയറ്റിങ്ങും കഠിനമായ വർക്കൗട്ടുമൊക്കെ ചെയ്ത് ഫലപ്രാപ്തിയിലെത്തുന്നവരാണ് ഏറെയും. എന്നാൽ ഇവയ്ക്കൊപ്പം നിശ്ചയദാർഢ്യം കൈവിടാതെ മുന്നോട്ടുപോകാനുള്ള മനക്കരുത്തും പ്രധാനമാണ്. അത്തരത്തിൽ അതിശയിപ്പിക്കുന്ന രീതിയിൽ വണ്ണംകുറച്ചതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഫിറ്റ്നസ് മോഡലായ നെസ്സി എന്ന പെൺകുട്ടി. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നെസ്സി വണ്ണം കുറച്ചതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

ഇതിനകം നാലുമില്യൺ കാഴ്ചക്കാരാണ് നെസ്സിയുടെ ട്രാൻസ്ഫർമേഷൻ വീഡിയോ കണ്ടത്. 2023-ൽ 138 കിലോയായിരുന്നു നെസ്സിയുടെ ഭാരം. കഠിനാധ്വാനത്തിന്റെ ഫലമായി 2025 ആയപ്പോഴേക്കും താൻ 75 കിലോ ഭാരത്തിലേക്കെത്തി എന്നാണ് നെസ്സി പറയുന്നത്. വ്യായാമത്തിൽ വീട്ടുവീഴ്ച ചെയ്യാതെയും ആരോ​ഗ്യകരമായ ആഹാരം കഴിച്ചും മനക്കരുത്ത് കൈവിടാതെയും 63 കിലോയോളമാണ് നെസ്സി കുറച്ചത്.

138 കിലോയിൽ നിന്ന് വണ്ണം കുറയ്ക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് നെസ്സി പറയുന്നു. തുടക്കത്തിൽ തന്നേക്കൊണ്ട് ഇതിന് കഴിയില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ അമിതവണ്ണം മൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങളാൽ അമ്മ വലയുന്നത് കണ്ടതോടെയാണ് താൻ പിന്നോട്ടില്ലെന്ന് നെസ്സി തീരുമാനിച്ചത്. നെസ്സിയുടെ അമ്മയുടെ ഭാരം 140 കിലോയോളമായിരുന്നു.

തന്നെ വണ്ണം കുറയ്ക്കാൻ സഹായിച്ച മൂന്ന് പ്രധാനഘടകങ്ങളേക്കുറിച്ചും നെസ്സി എടുത്തുപറയുന്നുണ്ട്. അതിലാദ്യത്തേത് മധുരം കുറയ്ക്കുക എന്നതാണ്. ദൈനംദിന ഭക്ഷണത്തിൽ നിന്ന് മധുരം ഒഴിവാക്കുക. എന്നാൽ ആഴ്ചയിലൊരിക്കൽ ഒരു ചെറിയ കേക്കോ, ചോക്കലേറ്റോ കഴിക്കുന്നതിൽ തെറ്റുമില്ലെന്നും നെസ്സി പറയുന്നു.

മറ്റൊന്ന് ഒരുദിവസം തുടങ്ങേണ്ടത് എങ്ങനെയാണ് എന്നതാണ്. താൻ ചെറുചൂടുവെള്ളം കുടിച്ചാണ് ഒരുദിവസം ആരംഭിക്കാറുള്ളതെന്ന് നെസ്സി പറയുന്നു. അതൊരു ചെറിയ ചുവടാണ്, പക്ഷേ ദഹനത്തെ സഹായിക്കുകയും ചയാപചയ പ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ശീലമാണിതെന്ന് നെസ്സി.

ഏറ്റവും അവസാനത്തേതായി നെസ്സി കൂട്ടിച്ചേർക്കുന്നത് അവനവനിൽ വിശ്വാസം വേണമെന്നതാണ്. ആദ്യമാസത്തിൽ വലിയ മാറ്റങ്ങളൊന്നും കാണുന്നില്ലെന്ന് കരുതി പരിഭ്രാന്തരാകരുത്. വണ്ണം കുറയ്ക്കൽ പ്രക്രിയയിലുടനീളം താൻ മനക്കരുത്ത് കൈവിടാതെ മുന്നോട്ട് പോയതാണ് മാറ്റമുണ്ടാക്കിയതെന്നും നെസ്സി കൂട്ടിച്ചേർത്തു.

ഓരോ ശരീരവും വ്യത്യസ്തമായതിനാൽ ഓരോരുത്തരും സ്വീകരിക്കേണ്ട മാർ​ഗങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ആരോ​ഗ്യകരമായ രീതിയിലൂടെ വണ്ണം കുറയ്ക്കുക എന്നതിൽ വിട്ടുവീഴ്ച ചെയ്യരുത്. ആവശ്യമെങ്കിൽ വിദ​ഗ്ധസഹായവും തേടാം.

ആരോ​ഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
  • ടിവിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.

Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply