തിരുവനന്തപുരം: ജനപ്രിയ സോഷ്യല്‍ മീഡിയയായ യൂട്യൂബിന് ഇന്ന് 20-ാം പിറന്നാള്‍. യുവതലമുറയുടെ ഹരമായി ലോകത്തിന്റെ ഗതി തന്നെ മാറ്റിയ വീഡിയോ പ്ലാറ്റ്ഫോണ് യുട്യൂബ്. രണ്ട് പതിറ്റാണ്ട് മുന്‍പൊരു പ്രണയദിനത്തിലായിരുന്നു യുട്യൂബ് പിറവിയെടുത്തത്.
യുഎസിലെ പേയ്പാല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മൂന്ന് പേരാണ് ഈ മഹാസംരംഭത്തിന് തുടക്കമിട്ടത്. ചാഡ് ഹര്‍ലി, സ്റ്റീവ് ചെന്‍, ജാവേദ് കരീം എന്നിവരുടെ കൂട്ടായ്മ ലോകത്തിന് സമ്മാനിച്ചത് വിപ്ലവകരമായ മാറ്റമായിരുന്നു. ജാവേദ് കരീമിന്റെ പേരിലുള്ള ചാനലില്‍ നിന്നും ‘മീ ആറ്റ് സൂ’ എന്ന വിഡിയോ അങ്ങനെ യൂട്യൂബിലെ ആദ്യ വിഡിയോ ആയി ചരിത്രമെഴുതി.

ആകെ 67 ജീവനക്കാരുമായി നഷ്ടത്തിലോടിയിരുന്ന യൂട്യൂബിനെ 2006ല്‍ 1.65 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഗൂഗിള്‍ ഏറ്റെടുത്തതോടെ വളര്‍ച്ചയുടെ നാളുകളായി. 2014ല്‍ യൂട്യൂബിന്റെ സിഇഒയായി സൂസന്‍ വിജിഡ്സ്‌കി ചുമതലയേറ്റതോടെ അതിവേഗമായി വളര്‍ച്ച. വാര്‍ത്താ മാധ്യമങ്ങളും സിനിമയും വ്യവസായവും രാഷ്ട്രീയവുമെല്ലാം യൂട്യൂബിലേക്ക് ചേക്കേറി. വളര്‍ത്താനും തളര്‍ത്താനും യൂട്യൂബ്, പ്രതികരിക്കാനും പ്രശംസിക്കാനും യൂട്യൂബ്, ഓരോ വിഡിയോകള്‍ക്കും കിട്ടുന്ന വ്യൂവും ലഭിക്കുന്ന കമന്റും ലൈക്കും ഡിസ് ലൈക്കുമെല്ലാം ജനാധിപത്യത്തിന്റെ സജീവതയായി. ദിവസം 20 ദശലക്ഷം ആക്ടീവ് യൂസേഴ്‌സ് യൂട്യൂബിലെത്തുന്നു എന്നാണ് കണക്കുകള്‍.
ജിയോയുടെ വരവോടെ ഇന്ത്യയില്‍ യൂട്യൂബ് ചാനല്‍ എന്നത് തഴച്ചുവളര്‍ന്നു. ഇതിലൂടെയുള്ള വരുമാനം കൊണ്ട് ജീവിതം മോടിപിടിപ്പിച്ചവരും ഒട്ടേറെ.
2024ല്‍ 50 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലിലേക്ക് യൂട്യൂബിന്റെ വരുമാനം വളര്‍ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 5.88 ലക്ഷം കോടി രൂപയാണ് യൂട്യൂബ് ഇന്ത്യയിലെ ക്രിയേറ്റര്‍മാര്‍ക്ക് നല്‍കിയതെന്നാണ് കണക്കുകള്‍.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply