ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് എ.സി. കോച്ചുകളോട് പ്രിയമേറിയതായി കണക്കുകള്‍. ഫസ്റ്റ് ക്ലാസ്, ടു ടയര്‍, ത്രീ ടയര്‍, ചെയര്‍കാര്‍ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള എ.സി. കോച്ചുകളുടേയും ആകെ കണക്കാണ് ഇത്.
2019-2020 വര്‍ഷത്തില്‍ ആകെ വരുമാനത്തിന്റെ 36 ശതമാനം അതായത് ഏകദേശം മൂന്നിലൊന്ന് മാത്രമാണ് എ.സി. അതേസമയം ആകെ വരുമാനത്തിന്റെ 58 ശതമാനവും റെയില്‍വേ നേടിയത് സബ്-അര്‍ബന്‍ ട്രെയിനുകള്‍ ഒഴികെയുള്ള എ.സി. ഇതര യാത്രക്കാരില്‍ നിന്നാണ്. ഇക്കാലയളവില്‍ 50,669 കോടി രൂപയായിരുന്നു യാത്രക്കാരില്‍ നിന്നുള്ള റെയില്‍വേയുടെ വരുമാനം.
ഈ കണക്കുകളാണ് ഇപ്പോള്‍ നേരെ തിരിഞ്ഞത്. 2024-2025 വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള ആകെ വരുമാനത്തിന്റെ 54 ശതമാനവും എ.സി. ക്ലാസ്സുകളില്‍ നിന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സബ്-അര്‍ബന്‍ ട്രെയിനുകള്‍ ഒഴികെയുള്ള എ.സി. ഇതര യാത്രക്കാരില്‍ നിന്നുള്ള വരുമാനം 41 ശതമാനം മാത്രമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെക്കന്‍ഡ് ക്ലാസ് മെയില്‍/എക്സ്പ്രസ്, സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് എന്നിവ ഉള്‍പ്പെടുന്നതാണ് എ.സി. ഇതര വിഭാഗം. ഈ വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള ആകെ വരുമാനം 80,000 കോടി രൂപയാകും എന്നാണ് കണക്കാക്കുന്നത്.
എ.സി. ക്ലാസിലെ യാത്രക്കാരുടെ ശതമാനം ഇപ്പോഴും ഒറ്റയക്കം തന്നെയാണെങ്കിലും 2024-2025 വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച് 38 കോടിയായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡിന് മുമ്പ് ഇത് 18 കോടി മാത്രമായിരുന്നു. 2019-20 വര്‍ഷത്തില്‍ ആകെ യാത്രക്കാരുടെ 2.2 ശതമാനമായിരുന്നു എ.സി. ക്ലാസ് യാത്രക്കാര്‍. 809 കോടി പേരാണ് ആ വര്‍ഷം ട്രെയിനില്‍ യാത്ര ചെയ്തത്. 2024-2025 വര്‍ഷം 727 കോടി യാത്രക്കാര്‍ ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ അതിന്റെ 5.2 ശതമാനം മാത്രമാണ് എ.സി. ക്ലാസിലെ യാത്രക്കാര്‍.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply