തിരുവനന്തപുരം: പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് വഞ്ചിയൂര്‍ കോടതിയിലെ സീനിയര്‍ അഭിഭാഷകന്റെ മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലി. തന്നെ മര്‍ദിച്ച അഭിഭാഷകന് ബെയ്ലിന് ദാസിനെ ഓഫീസില്‍കയറി അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ബാര്‍ അസോസിയേഷന് സെക്രട്ടറി തടഞ്ഞുവെന്നും അവര്‍ ആരോപിച്ചു. ബാര്‍ അസോസിയേഷന് തിരഞ്ഞെടുപ്പില്‍ ബെയ്ലിന് ദാസ് ഒപ്പം നിന്നതിന്റെ ഭാഗമായിട്ടായിരിക്കാം ഈ പിന്തുണയെന്നും ശ്യാമിലി പറഞ്ഞു. ബാര്‍ കൗണ്‍സിലിനും മറ്റും പരാതി നല്‍കിയിട്ടുണ്ട്. അവര്‍ ഇക്കാര്യത്തില്‍ നടപടികള്‍ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്യാമിലി പങ്കുവെച്ചു.
‘പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണത്തില്‍ പരാതിയില്ല. തൃപ്തിയുണ്ട്. ബാര്‍കൗണ്‍സിലിന് ഇന്നലെ തന്നെ പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ട് കൊണ്ടുപോകാന്‍തന്നെയാണ് തീരുമാനം. എല്ലാ ഭാഗത്ത് നിന്നും പിന്തുണ കിട്ടുന്നുണ്ട്’ ശ്യാമിലി പറഞ്ഞു.
നിയമനടപടിയുമായി മുന്നോട്ടു പോകും, നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു. വക്കീല്‍ ഓഫിസില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അത് വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും ബാര്‍ അസോസിയേഷന് സെക്രട്ടറി അടക്കമുള്ള അഭിഭാഷകര്‍ പറഞ്ഞു. ഈ സമയത്ത് നിരവധി അഭിഭാഷകര്‍ ഓഫിസില്‍ ഉണ്ടായിരുന്നു.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്. അഭിഭാഷക ജോലി ഇഷ്ടപ്പെട്ടത് കൊണ്ടാണ് കഷ്ടപ്പെട്ട് പഠിച്ചത്. മുഖത്തേക്ക് ഫയല്‍ വലിച്ചെറിഞ്ഞെന്ന് സഹപ്രവര്‍ത്തകയായ അഡ്വ. മിഥുനയാണ് നുണ പറഞ്ഞത്. സത്യാവസ്ഥ അന്വേഷിക്കാതെ ഓഫിസില്‍ വരേണ്ടെന്ന് സീനിയര്‍ പറഞ്ഞു. ഇതുപ്രകാരം താന്‍ രണ്ട് ദിവസം ഓഫിസില്‍ പോയില്ല. വെള്ളിയാഴ്ച വിളിച്ച സീനിയര്‍ അബദ്ധം സംഭവിച്ചെന്ന് പറഞ്ഞതായും ശ്യാമിലി വ്യക്തമാക്കി.
ഇതിനിടെ ബെയ്ലിനെ ബാര്‍ അസോസിയേഷന്റെ അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി പ്രസിഡന്റ് പള്ളിച്ചല്‍ എസ്.കെ. പ്രമോദ് അറിയിച്ചിട്ടുണ്ട്. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് നിയമസഹായവും നല്‍കും. സ്ഥലത്തെത്തിയ പോലീസിനെ ഭാരവാഹികള്‍ തടഞ്ഞെന്നത് ആരോപണംമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ബെയ്ലിന് ദാസ് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.