ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ അനുവദിച്ചു. തിങ്കളാഴ്ച അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പ്രതികൾക്ക് സ്വർണക്കടത്ത് പെൺവാണിഭ സിനിമ മേഖലയുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണസംഘം.
ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിച്ച സുൽത്താൻ അക്ബർ അലിയുടെ വാട്സ് ആപ്പ്, ഇൻസ്റ്റ ഗ്രാം ചാറ്റുകളിൽ നിന്ന് 6 കിലോ കഞ്ചാവാണ് എത്തിച്ചത് എന്നാണ് എക്സൈസ് കണ്ടെത്തൽ. ഇതിൽ ആലപ്പുഴയിലേക്ക് കൊണ്ടുവന്ന മൂന്നു കിലോ മാത്രമാണ് പിടിച്ചെടുത്തത്. ബാക്കി മൂന്നു കിലോ എവിടെയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തണം. മാത്രവുമല്ല ആലപ്പുഴയിൽ ആർക്കാണ് കഞ്ചാവ് എത്തിച്ചതെന്നും വ്യക്തമല്ല.
ഇതുൾപ്പടെ ഉള്ള പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് പ്രതികളെ തിങ്കളാഴ്ച മുതൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് എക്സൈസ് ആവശ്യപ്പെട്ടത്. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചു. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്യുക. ഫോറെൻസിക് പരിശോധനയ്ക്ക് അയക്കും മുൻപ് അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിക്കാൻ അനുമതി നൽകണമെന്ന് എ ക്സൈസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് കേസിലെ പ്രതികളായ തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, ഫിറോസ് എന്നിവരുടെ ഫോണുകൾ എക്സൈസ് കസ്റ്റഡിയിൽ വാങ്ങി പരിശോധിച്ചു. നിർണായകമായ ചില ചാറ്റുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. തുടർന്ന് പ്രതികൾ വെളിപ്പെടുത്തിയ സിനിമ നടന്മാരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യും. പ്രതികൾ എറണാകുളത്ത് താമസിച്ച ഹോട്ടലുകളിലെയും വാഹനം വാടകയ്ക്ക് എടുത്ത സ്ഥാപനത്തിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.