കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ എന്‍ഡിഎ അധികാരത്തിലെത്തി പുതിയ യുഗത്തിനു തുടക്കമിടുമെന്നും, കുടുംബരാഷ്ട്രീയവും അഴിമതിയും അവസാനിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോയമ്പത്തൂരിലെ ബിജെപി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിഎംകെയുടെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി 2026ല്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാനത്തെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ വേരോടെ പിഴുതെറിയും. മഹാരാഷ്ട്രയിലും ഹരിയാനയിലും ലഭിച്ചതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ ബിജെപി തമിഴ്നാട്ടില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴിനെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്ന് എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. തമിഴ് ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കാത്തതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.

ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരേ ഡിഎംകെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കടുത്ത നിലപാടുമായി മുന്നോട്ടു പോകുന്നതിനിടെയാണ് അമിത് ഷായുടെ അവകാശവാദം. മണ്ഡല പുനര്‍നിര്‍ണയം മൂലം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പാര്‍ലമെന്റ് സീറ്റ് പോലും നഷ്ടമാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ഡിഎംകെ അഴിമതിയില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു പാര്‍ട്ടിയാണെന്നും, കള്ളപ്പണം വെളുപ്പിക്കല്‍, മണല്‍ ഖനനം, 2 ജി അഴിമതി ഉള്‍പ്പെടെയുള്ള അഴിമതികളില്‍ പല നേതാക്കളും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.

തമിഴ്‌നാട്ടില്‍ പൊതുജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തും ഒരു സീറ്റ് പോലും കുറയില്ലെന്ന കാര്യം മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയതാണ്. എന്ത് വര്‍ധനവുണ്ടായാലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ന്യായമായ വിഹിതം ലഭിക്കുമെന്നും ഇതില്‍ സംശയിക്കേണ്ട കാര്യമില്ലെന്നും അമിത് ഷാ പറഞ്ഞു.

ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം നടന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകളുടെ എണ്ണം കുറയുമെന്ന് സ്റ്റാലിന്‍ മുന്‍പ് ആരോപിച്ചിരുന്നു. സ്റ്റാലിന്‍ തമിഴ് ജനതയോട് കള്ളം പറയുകയാണെന്നും തന്റെ സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും അമിത് ഷാ വിമര്‍ശിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply