കാലിഫോര്‍ണിയ: നാല് പതിറ്റാണ്ടോളം അന്വേഷണ ഉദ്യോഗസ്ഥരെ വലച്ച കാരെന്‍ സ്റ്റിറ്റ് കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. കാലിഫോര്‍ണിയയിലെ സണ്ണിവെയ്ല്‍ സ്വദേശിയായ 15 വയസ്സുള്ള കാരെന്‍ 1982-ലാണ് കൊലപ്പെടുന്നത്. സെപ്തംബര്‍ രണ്ടിന് വൈകുന്നേരം ആണ്‍സുഹൃത്തിനൊപ്പം സമയം ചെലവഴിച്ച് വീട്ടിലേക്ക് തിരിച്ച കാരനെ പിന്നീട് കൊലപ്പെട്ട നിലയിലാണ് കണ്ടെത്തുന്നത്. അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കാരെനെ പ്രതി കുത്തിക്കൊല്ലുകയായിരുന്നു. 59 തവണയാണ് കാരനു കുത്തേറ്റത്.
കാരന്റെ മരണവുമായി ബന്ധപ്പെട്ട് അക്കാലത്ത് സംശയത്തിന്റെ പേരില്‍ ഒട്ടേറെപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതിയില്‍ എത്താനായില്ല. കാരന്റെ മൃതദേഹത്തില്‍നിന്ന് സ്രവങ്ങള്‍ ശേഖരിച്ചു. ഡി.എന്‍.എ പരിശോധന പോലുള്ള സാങ്കേതിക വിദ്യകള്‍ വികസിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടി. 18 വർഷത്തിനു ശേഷം 2000-ല്‍ കേസിലെ പ്രതികളെന്ന് സംശയിക്കപ്പെട്ടിരുന്ന കാരന്റെ ആണ്‍സുഹൃത്തിനെയടക്കം ഫോറന്‍സിക് ഡി.എന്‍.എയുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ അവരെല്ലാം കുറ്റവിമുക്തരായി.
പിന്നീട് 2022-ലാണ് ഈ കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ജെനറ്റിക് ജീനിയോളജിയുടെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തുന്നത്. ക്രിമിനല്‍ കേസുകളില്‍ സംശയിക്കപ്പെടുന്നവരെയോ ഇരകളെയോ തിരിച്ചറിയുന്നതിനായി ജനിതക വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന പുതിയ രീതിയാണ് ഇന്‍വെസ്റ്റിഗേറ്റീവ് ജെനറ്റിക് ജീനിയോളജി. അതില്‍ ജീനിയോളജി വെബ്സൈറ്റുകളുടെ സഹായവും തേടാറുണ്ട്. 2000-ത്തിന്റെ തുടക്കത്തിലാണ് ജെനറ്റിക് ജീനിയോളജി വെബ്സൈറ്റുകള്‍ ലോകമൊട്ടാകെ ശ്രദ്ധനേടുന്നത്.
വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതിനും ജനിതക പൊരുത്തങ്ങള്‍ കണ്ടെത്തുന്നതിനും ഒരാളുടെ വംശപരമ്പര കണ്ടെത്തുന്നതിനുമുള്ള ഡിഎന്‍എ പരിശോധന ഉപയോഗപ്പെടുത്തുന്ന രീതിയാണിത്. തങ്ങളുടെ അകന്ന ബന്ധുക്കളെ കണ്ടെത്തുന്നുന്നതിന് ആളുകള്‍ സ്വമേധായ ഡി.എന്‍.എ പ്രൊഫൈലുകള്‍ ഇവിടെ സമര്‍പ്പിക്കും. സമാനമായ പ്രൊഫൈലുകള്‍ ഇതിലൂടെ കണ്ടെത്താന്‍ സാധിക്കും. താരതമ്യേന ചെലവ് കുറഞ്ഞ മാര്‍ഗമായതിനാല്‍ ഒട്ടേറെയാളുകള്‍ ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ തുടങ്ങി. അതോടെ ജെനറ്റിക് ജീനിയോളജി വെബ്സൈറ്റുകള്‍ കൂടുതല്‍ ജനപ്രിയമായി.
ഇന്‍വെസ്റ്റിഗേറ്റീവ് ജെനറ്റിക് ജീനിയോളജിയുടെ സഹായത്തോടെ കാലിഫോര്‍ണയയിലെ ഫ്രെസ്‌നോയില്‍ താമസിക്കുന്ന നാല് സഹോദരന്‍മാരിലേക്ക് അന്വേഷണം നീണ്ടു. അങ്ങനെയാണ് 75-കാരനായ ഗാരി റാമിറെസാണ് പ്രതിയെന്ന് തിരിച്ചറിയുന്നത്. ശക്തമായ തെളിവുകളുടെ വെളിച്ചത്തില്‍ റാമിറെസിനെ 2022 ആഗസ്റ്റില്‍ അറസ്റ്റ് ചെയ്തു. വിചാരണയ്ക്ക് ശേഷം സാന്റ ക്ലാര കൗണ്ടി സുപ്പീരിയര്‍ കോടതിയാണ് ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയിരിക്കുന്നത്. കാരെന്റ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിധി കേള്‍ക്കാനായി കോടതിയില്‍ ഒത്തുകൂടി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.