ന്യൂഡൽഹി: തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്നും എട്ട് ചീറ്റകളെ എത്തിക്കാൻ ഇന്ത്യ. ഇതിൽ നാല് ചീറ്റകൾ മെയ് മാസത്തോടെ ഇന്ത്യയിലെത്തും. മധ്യപ്രദേശ് സർക്കാരാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവിന്റെയും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും സാന്നിധ്യത്തിൽ വെള്ളിയാഴ്ച നടന്ന ചീറ്റപ്പുലി പദ്ധതിയുടെ അവലോകന യോഗത്തിൽ പങ്കെടുത്ത ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻ‌ടി‌സി‌എ) ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മധ്യപ്രദേശ് സർക്കാർ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

‘ദക്ഷിണാഫ്രിക്ക, ബോട്സ്വാന, കെനിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മെയ് മാസത്തോടെ ബോട്സ്വാനയിൽ നിന്ന് നാല് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയുണ്ട്. ഇതിനുശേഷം, നാല് ചീറ്റകളെ കൂടി കൊണ്ടുവരും. നിലവിൽ ഇന്ത്യയും കെനിയയും തമ്മിലുള്ള ഒരു കരാറിൽ തുടർ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നു’മാണ് എൻ‌ടി‌സി‌എ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കുന്നത്.

രാജ്യത്ത് ഇതുവരെ ചീറ്റ പദ്ധതിക്കായി 112 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അതിൽ 67 ശതമാനവും മധ്യപ്രദേശിലെ ചീറ്റ പുനരധിവാസത്തിനായാണ് ചെലവഴിച്ചതെന്നും എൻ‌ടി‌സി‌എ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രോജക്റ്റ് ചീറ്റയുടെ ഭാ​ഗമായി ചീറ്റകളെ ഘട്ടം ഘട്ടമായി ഗാന്ധി സാഗർ സങ്കേതത്തിലേക്ക് മാറ്റും. രാജസ്ഥാന്റെ അതിർത്തിയോട് ചേർന്നാണ് ഈ സങ്കേതം. അതിനാൽ മധ്യപ്രദേശും രാജസ്ഥാനും തമ്മിൽ ഒരു അന്തർ സംസ്ഥാന ചീറ്റ സംരക്ഷണ മേഖല സ്ഥാപിക്കുന്നതിന് തത്വത്തിൽ ഒരു കരാറിൽ എത്തിയിട്ടുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

നിലവിൽ കുനോ ദേശീയോദ്യാനത്തിൽ 26 ചീറ്റകളുണ്ടെന്ന് യോഗത്തിൽ വനം ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ 16 ചീറ്റകളെ തുറന്ന വനത്തിലും 10 എണ്ണത്തെ പുനരധിവാസ കേന്ദ്രത്തിലുമാണ് അധിവസിപ്പിച്ചിരിക്കുന്നത്. ചീറ്റകളെ നിരീക്ഷിക്കാൻ സാറ്റലൈറ്റ് കോളർ ഐഡികൾ ഉപയോഗിച്ച് 24 മണിക്കൂർ ട്രാക്കിംഗ് നടത്തുന്നുണ്ടെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ജ്വാല, ആശ, ഗാമിനി, വീര എന്നീ പെൺ ചീറ്റകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു. രണ്ട് വർഷത്തിനുള്ളിൽ കുനോ ദേശീയ ഉദ്യാനത്തിലെ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയായെന്നും അവർ പറഞ്ഞു.

അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളും അടക്കം നമീബിയയിൽ നിന്നും എത്തിച്ച എട്ട് ചീറ്റകളെ 2022 സെപ്റ്റംബർ 17 ന് കുനോ ദേശീയ ഉദ്യാനത്തിൽ തുറന്ന് വിട്ടിരുന്നു. 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകളെ കൂടി കുനോ ദേശീയ ഉദ്യാനത്തിലേയ്ക്ക് മാറ്റിയിരുന്നു. കുനോ ദേശീയ ഉദ്യാനത്തിൽ നിലവിൽ 26 ചീറ്റകളുണ്ട്. ഇതിൽ14 എണ്ണം ഇന്ത്യയിൽ ജനിച്ച ചീറ്റ കുഞ്ഞുങ്ങളാണ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply