ഒറ്റപ്പാലം: ചിനക്കത്തൂര്‍ പൂരത്തിന്റെ ഭാഗമായി നടക്കുന്ന തോല്‍പ്പാവക്കൂത്തുകളുടെ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി. ഇന്ന് രാത്രി പത്തിന് വടക്കുമംഗലം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട്, ശനിയാഴ്ച്ച രാത്രി പത്തിന് പാലപ്പുറം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് എന്നിവയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്. നേരത്തെ വെടിക്കെട്ട് നടത്തിപ്പിനായി ഭാരവാഹികള്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചപ്പോള്‍ അനുമതി നിഷേധിച്ചിരുന്നു. വെടിക്കെട്ടിനായി പെസോ(പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അംഗീകരിച്ച രൂപത്തിലുള്ള സംഭരണമുറി(മാഗസിന്‍)യില്ലെന്നുള്‍പ്പടെയുള്ള പോരായ്മകള്‍ കാണിച്ചായിരുന്നു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.
ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതോടെ ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച്ച നടക്കാനിരിക്കുന്ന തെക്കുമംഗലത്തിന്റെ ദേശക്കൂത്തിന് അനുമതിക്കായും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
തോല്‍പ്പാവക്കൂത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് 1 ന് ആണ് ചിനക്കത്തൂരില്‍ പൂരം കൊടിയേറുന്നത്. മാര്‍ച്ച് 2 ന് പൂരം പറയെടുപ്പ് തുടങ്ങും. കേരളത്തിന്റെ ടൂറിസം കലണ്ടറില്‍ വരെ ഇടം പിടിച്ച ചരിത്ര പ്രസിദ്ധമായ ചിനക്കത്തൂര്‍ പൂരം മാര്‍ച്ച് 12 നാണ് നടക്കുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply