തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരിച്ച് അമ്മ. താൻ ഓടിച്ചുവിട്ട പട്ടിയാണ് തന്റെ കുട്ടിയെ കടിച്ചതെന്ന് അമ്മ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ‘വള‍‍ർത്ത്, കുറേ പട്ടികളെക്കൂടി വള‍‍ർത്ത്’, എന്നും അമ്മ പ്രതികരിച്ചു.

അമ്മയുടെ വാക്കുകൾ
വള‍‍ർത്ത്, കുറേ പട്ടികളെക്കൂടി വള‍‍ർത്ത്. അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞതാ. ഞാൻ ഓടിച്ചുവിട്ട പട്ടിയാണ് എന്റെ കുട്ടിയെ കടിച്ചുകീറിയത്. ഞാൻ ഓടിച്ചെല്ലുമ്പോൾ എന്റെ കുട്ടിയെ കടിച്ച് പറിക്കുകയായിരുന്നു. അപ്പോഴെ ഞാൻ എടുത്തോണ്ട് പോയി. എനിക്കിനി കാണാനാവില്ല.

പത്തനാപുരം സ്വദേശിയായ നിയ ഫൈസലാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നു. ഏപ്രിൽ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞരമ്പിൽ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു.

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തി ഐഡിആർവി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്‌സിൻ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല. അമ്മയ്ക്ക് ക്വാറന്റൈനിൽ പോകാനും നിർദേശം നൽകിയിട്ടുണ്ട്. പുനലൂർ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരിക്കും കുട്ടിയുടെ ഖബറടക്കം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply