ന്യൂഡല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന എബ്രഹാമിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്റ്റേ അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സിബിഐ, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്.

ഇതിനിടെ, എബ്രഹാമിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചു. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുള്ളതായി എബ്രഹാമിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍.ബസന്തും അഭിഭാഷകന്‍ ജി.പ്രകാശും ചൂണ്ടിക്കാട്ടി.

നിലവില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ഇരുവരും വാദിച്ചു. എബ്രഹാമിനെതിരായ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കൗണ്‍സില്‍ സി.കെ.ശശിയും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സുപ്രീംകോടതി ഇടക്കാല സ്‌റ്റേ ഉത്തരവ് പുറ്പപെടുവിച്ചത്.

തടസ്സ ഹര്‍ജി നല്‍കിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് വേണ്ടി എം.ആര്‍ അഭിലാഷ് ഹാജരായി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply