കൊല്ലം: കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതിൽ പൊലീസ് കേസെടുത്തു. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉപദേശക സമിതിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. പുതിയകാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റാണ് രണ്ടാം പ്രതി. പ്രതികൾ സംഘപരിവാർ ആശയം പ്രചരിപ്പിച്ചെന്നാണ് എഫ്ഐആർ. മുണ്ടയ്ക്കൽ സ്വദേശി അനന്തവിഷ്ണുവിന്റെ പരാതിയിലാണ്കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്.
ഹൈക്കോടതി നിർദ്ദേശത്തിന് വിരുദ്ധമായി ക്ഷേത്രോത്സവത്തിൽ രാഷ്ട്രീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് യൂത്ത്കോൺഗ്രസും ഡിവൈഎഫ്ഐയും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇന്നലെയാണ് ആശ്രാമം മൈതാനത്ത് നടന്ന പൂരത്തിലെ കുടമാറ്റത്തിൽ പുതിയകാവ് ക്ഷേത്രത്തിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉപദേശക സമിതിയായിരുന്നു പൂരത്തിന്റെ നടത്തിപ്പുകാർ. തിരുവിതാംകൂർ ദേവസ്വം ബോർഡും സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഡിവൈഎഫ്ഐ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നൽകിയിരുന്നു. കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകി. ആർഎസ്എസ് സ്ഥാപകന്റെ ചിത്രം പ്രദർശിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് പരാതി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.