പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി. ഇതിന്റെ പേരിൽ ഒരാൾക്ക് ജയിലിൽ കഴിയേണ്ടി വന്നത് രണ്ട് തവണ. സംഭവം നടന്നത് ഓസ്ട്രേലിയയിലാണ്. വെസ്റ്റേൺ ഓസ്‌ട്രേലിയ പൊലീസിനുണ്ടായ പിഴവാണ് ഒരാളെ രണ്ട് തവണ അറസ്റ്റ് ചെയ്യാൻ കാരണമായി തീർന്നത്. 

2023 ജനുവരിയിലാണ് സംഭവം. മാർക്ക് സ്മിത്ത് എന്നൊരാൾ എമർജൻസി സർവീസിൽ വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു ബോട്ടിന്റെ ഉടമയിൽ നിന്നും ഭീഷണി നേരിടുന്നു എന്ന് കാണിച്ചാണ് ഇയാൾ എമർജൻസി സർവീസിൽ വിളിച്ചത്. 

അതേസമയം തന്നെ മറ്റൊരാളും എമർജൻസി സർവീസിൽ വിളിച്ചു. തന്റെ ബോട്ട് മോഷണം പോയി എന്നതായിരുന്നു ഇയാളുടെ പരാതി. ഇവിടെ ഉണ്ടായിരുന്ന ഉദ്യോ​ഗസ്ഥൻ Marc എന്നതിന് പകരം Mark എന്നാണ് ഇയാളുടെ പേര് കുറിച്ചു വച്ചത്. അങ്ങനെ ഇയാളെ ജാമ്യ ലംഘനവുമായും കുടിശ്ശിക വാറണ്ടുമായും ബന്ധപ്പെട്ട മറ്റൊരു കേസിൽ പെട്ട ആളുമായി മാറിപ്പോവുകയും ചെയ്തു. 

സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മാർക്കിന്റെ ഐഡന്റിറ്റിയും വിലാസവും പരിശോധിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. പകരം, ബോട്ട് മോഷണം, മോഷ്ടിച്ചെടുത്ത സ്മാർട്ട് റൈഡർ കാർഡ് കൈവശം വയ്ക്കൽ, കുടിശ്ശിക വാറണ്ട് എന്നീ കേസുകളിൽ പെട്ട ആളാണെന്ന് കരുതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മാർക്ക് തന്റെ പേരിന്റെ സ്പെല്ലിം​ഗ് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇത് താനല്ല എന്ന് ഉദ്യോ​ഗസ്ഥരോട് പറഞ്ഞെങ്കിലും അവരത് കേൾക്കാൻ തയ്യാറായില്ല. മാത്രമല്ല, മാർക്കിന്റെ ഫിം​ഗർ പ്രിന്റ് മാച്ചാവുന്നുണ്ടായിരുന്നില്ല. അതും ഉദ്യോ​ഗസ്ഥർ അവ​ഗണിച്ചു. അങ്ങനെ അയാളെ അവർ കസ്റ്റഡിയിൽ വച്ചു. പിന്നീട് കേസ് കോടതിയിലെത്തിയപ്പോൾ അവിടെ നിന്നും ഉടനടി തന്നെ തെറ്റ് മനസിലാവുകയും മാർക്കിനെ വെറുതെ വിടുകയും ചെയ്തു. 

എന്നാൽ, മൂന്ന് മാസത്തിന് ശേഷം മറ്റൊരു ഉദ്യോ​ഗസ്ഥൻ ഇതുപോലെ വീണ്ടും മാർക്കിന്റെ പേര് തെറ്റായി രേഖപ്പെടുത്തുകയും ഇതുപോലെ മാർക്കിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ മാർക്ക് ഇത് അന്നത്തെ സംഭവത്തിന്റെ ആവർത്തനമാണ് എന്ന് പറഞ്ഞിരുന്നു. പിന്നീട്, ഇതും തെറ്റായ ആളാണ് എന്ന് മനസിലാവുകയായിരുന്നു. 

ശേഷം, സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ കറപ്ഷൻ ആൻഡ് ക്രൈം കമ്മീഷൻ പിന്നാലെ സംഭവത്തിൽ അപലപിക്കുന്നതായി പറഞ്ഞു. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply