തിരുവനന്തപുരം: നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ലക്ഷംരൂപ പിഴയും നൽകണം. പ്രതിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വിധിച്ചു.. ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ജീവപര്യന്തം തടവ് കൂടാതെ വീട് കത്തിച്ചതിനും തെളിവ് നശിപ്പിക്കലിനുമായി 12 വര്‍ഷം അധിക തടവും കേഡല്‍ അനുഭവിക്കണം. സെഷന്‍ 302 പ്രകാരമുള്ള ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതിന് മുമ്പ് ഈ 12 വര്‍ഷത്തെ തടവ് കേഡല്‍ ജെന്‍സന്‍ അനുഭവിക്കണമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കൊലപാതകത്തിനും മറ്റു കുറ്റങ്ങള്‍ക്കുമെല്ലാമായിട്ടാണ് 15 ലക്ഷം രൂപ പിഴ. ഇത് അമ്മാവന്‍ ജോസ് സുന്ദരത്തിനാണ് നല്‍കേണ്ടത്.

പിതാവ് പ്രൊഫ. രാജാതങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, സഹോദരി കരോളിന്‍, ജീന്‍ പദ്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് കേഡല്‍ പോലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നത്.

പിന്നീട് മൊഴിമാറ്റിയ കേഡല്‍, പ്ലസ്ടു വിദ്യാഭ്യാസയോഗ്യത മാത്രമുള്ള തന്നോട് വീട്ടുകാര്‍ കാണിച്ച നിരന്തര അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പറഞ്ഞു. മനഃശാസ്ത്രജ്ഞര്‍ കേഡലിന് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. 2017 ഏപ്രില്‍ ഒന്‍പതിനാണ് കേഡല്‍ കൊലപാതകമെല്ലാം നടത്തിയത്. നാലുപേരെയും മുകളിലത്തെ നിലയിലേക്കു വിളിച്ചുവരുത്തി മഴുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

വീട്ടില്‍ എല്ലാവരും ഉണ്ടെന്ന് കാണിക്കാന്‍ മിക്കവാറും അഞ്ചുപേര്‍ക്കുള്ള ഭക്ഷണം സ്ഥിരമായി വാങ്ങിയിരുന്നു. മൂന്നുദിവസം മൃതദേഹത്തിന് കാവലിരുന്ന കേഡല്‍ മൂന്നാംദിവസം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഇതിനുശേഷം ചെന്നൈയിലേക്ക് കടന്നുകളഞ്ഞു. പോകുന്നതിന് മുന്‍പ് തന്റെ ആകൃതിയിലുള്ള ഡമ്മിയുണ്ടാക്കി അതും കത്തിച്ച് താനും കൊല്ലപ്പെട്ടതായി പൊതുധാരണ ഉണ്ടാക്കാനും ശ്രമിച്ചു. പൊതുവേ അന്തര്‍മുഖനായ കേഡലിനെക്കുറിച്ച് ഒരു വിവരവും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയില്ലായിരുന്നു.

സ്ഥിരമായി കറുപ്പും നീലയും നിറങ്ങളിലുള്ള വസ്ത്രമാണ് കേഡല്‍ ധരിച്ചിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച് സ്റ്റാന്‍ലി കാര്‍പെന്റര്‍ ആക്‌സ് എന്ന മഴു ഓണ്‍ലൈനിലൂടെയാണ് പ്രതി വാങ്ങിയത്. രണ്ട് മഴുവാണ് കേഡല്‍ വാങ്ങിയിരുന്നത്. സോംബികളെ തലയ്ക്കടിച്ച് കൊല്ലുന്ന ഒരുതരം വീഡിയോ ഗെയിമും കേഡല്‍ നിരന്തരം കളിച്ചിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. ഇത്തരം ചില വീഡിയോ ഗെയിമുകള്‍ താന്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് അത് കാട്ടിത്തരാം എന്ന് പറഞ്ഞാണ് പ്രതി മാതാപിതാക്കളേയും സഹോദരിയേയും മുകളിലത്തെ നിലയിലേക്ക് എത്തിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ ഹാജരായി. അഭിഭാഷകരായ റിയ, നിധിന്‍ എന്നിവര്‍ സഹായികളായി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply