പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ ചെന്താമരയെ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് പിടികൂടിയത്. പോത്തുണ്ടി വനമേഖലയില്‍ ഒളിവിലായിരുന്ന പ്രതി വീട്ടിലേക്കു ഭക്ഷണം തേടി വരുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.
5 പേരെയാണു താന്‍ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും അതില്‍ 2 പേരെ മാത്രമേ ഇപ്പോള്‍ വകവരുത്തിയിട്ടുള്ളതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. സുധാകരനും അമ്മയും തന്നെ പ്രകോപിപ്പിച്ചിരുന്നെന്നും അതിനുള്ള ഒരേയൊരു പരിഹാരം കൊലപാതകമായിരുന്നെന്നും ചെന്താമര പറഞ്ഞു. ആദ്യ ലക്ഷ്യം തന്റെ ഭാര്യയായിരുന്ന വിലാസിനിയായിരുന്നെന്നും ചെന്താമര പറഞ്ഞു. ഭാര്യയെയും മകളേയും മരുമകനേയും കൂടി കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.
കൊലയ്ക്ക് ഒരാഴ്ച് മുന്‍പ് വരെ സുധാകരനും ചെന്താമരയുമായി തര്‍ക്കമുണ്ടായിരുന്നു. ചെന്താമരയെ വീട്ടിലെത്തിക്കാതിരിക്കാന്‍ സുധാകരന്‍ പൊലീസില്‍ പരാതി നല്‍കിയത് വൈരാഗ്യം വര്‍ധിപ്പിച്ചു. ഭാര്യയെ കൊന്നതിന് കാണിച്ചുതരാമെന്ന് സുധാകരന്‍ ചെന്താമരയോട് പറഞ്ഞു. ഇതാണ് പെട്ടെന്ന് ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സുധാകരനുമായി കയര്‍ത്തത് അമ്മ ലക്ഷ്മി ചോദ്യം ചെയ്തതോടെയാണ് അവരെയും കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് ചെന്താമര മൊഴി നല്‍കി.
നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതോടെ പ്രതിക്കെതിരെ രോഷവുമായി ജനങ്ങളെത്തി. പ്രതിയെ കാണിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പേര്‍ തടിച്ചുകൂടിയതോടെ പൊലീസ് സ്റ്റേഷന്റെ ഗേറ്റും വാതിലും അടച്ചു. ജനം ഗേറ്റ് തല്ലിത്തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. പൊലീസ് പെപ്പര്‍ സ്‌പ്രെ ഉപയോഗിച്ചതായും വിവരമുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply