ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യ കര്‍ശന നടപടികളിലേക്ക് നീങ്ങിയതിന് പിന്നാലെ ദേശീയ സുരക്ഷ സമിതി യോഗം ചേര്‍ന്ന് പാകിസ്താന്‍. പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതിനും പാകിസ്താന്‍ ഭരണകൂടം തീരുമാനമെടുത്തതായാണ് വിവരം. 2019 ല്‍ പുല്‍വാമ ആക്രമണത്തിന് ശേഷവും പാകിസ്താന്‍ സമാന നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള സൈനികനടപടി ഭയന്നാണ് പാകിസ്താന്റെ നീക്കമെന്നാണ് വിവരം. പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ ബോംബിട്ടിരുന്നു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ നയതന്ത്ര തലത്തില്‍ കടുത്ത നടപടികളിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്.

സിന്ധുനദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനത്തിനെ ജലയുദ്ധമെന്നാണ് പാകിസ്താന്‍ വിശേഷിപ്പിച്ചത്. പാകിസ്താനിലെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്ന തീരുമാനമാണ് സിന്ധുനദീജല കരാര്‍ മരവിപ്പിക്കല്‍. ഉറിയിലും പുല്‍വാമയിലും ഭീകരാക്രമണം നടന്നപ്പോള്‍ പോലും ഇന്ത്യ നദീജലക്കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനമെടുത്തിരുന്നില്ല. ഇന്ത്യ പരോക്ഷമായ ഉപരോധമാണ് പാകിസ്താന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താനുമായുള്ള വ്യാപരവും ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. മാത്രമല്ല വാഗ അതിര്‍ത്തി അടയ്ക്കുകയും ചെയ്തു

അതേസമയം നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ നിന്ന് പിന്‍മാറലുമല്ലാതെ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തിലാണ് പാകിസ്താന്‍. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന്‍ സൈന്യം അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പുറമെ ഇന്ത്യയില്‍ നിന്നുള്ള വ്യോമാക്രമണം പ്രതീക്ഷിച്ച് തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ ഇന്ത്യയുടെ പ്രതികരണം ഏത് രീതിയിലാകുമെന്ന കാര്യത്തില്‍ പാകിസ്താന് നിശ്ചയമില്ലാത്തതും അവരെ അനിശ്ചിതത്വത്തിലാക്കുന്നുണ്ട്.

പാകിസ്താന്‍ പൗരന്മാര്‍ക്ക് SVES പ്രകാരമുള്ള വിസ നല്‍കില്ല എന്നാണ് തീരൂമാനം. നിലവില്‍ ഇന്ത്യയിലുള്ള പാക് പൗരന്മാരോട് രാജ്യം വിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയും പാകിസ്താനിലെ ഡിഫന്‍സ് അറ്റാഷെമാരെ പിന്‍വലിക്കും. ഇതിന് പുറമെ പാക് ഹൈക്കമ്മീഷന് നല്‍കിയിരുന്ന സുരക്ഷ ഡല്‍ഹി പോലീസ് വെട്ടിക്കുറച്ചു.

ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേര്‍ക്ക് ഗുരുതമായിപരിക്കേറ്റു. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply